ലഖ്നോ: അപ്നാ ദളും (കമേരവാദി) അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുൽ മുസ്‌ലിമിനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ന് ലഖ്‌നോവിൽ നടക്കുന്ന അപ്‌നാദൾ (കെ) നേതാവ് പല്ലവി പട്ടേലിന്‍റെയും ഉവൈസിയുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ സഖ്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മൂന്ന് ദിവസം മുമ്പ് പല്ലവി പട്ടേൽ ഹൈദരാബാദിൽ ഉവൈസിയുമായി കൂടിക്കാഴ്ച നടത്തുകയും അപ്‌നാദൾ ഉത്തർപ്രദേശിലെ ഫുൽപുർ, മിർസാപുർ, കൗശാമ്പി എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പിൻവലിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മൂന്നു സീറ്റുകളിൽ മത്സരിക്കണമെന്ന് പല്ലവി പട്ടേൽ നേരത്തെ പറഞ്ഞിരുന്നു.
2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി അപ്‌നാദൾ നേതാവ് പല്ലവി പട്ടേൽ എസ്.പിയുടെ ടിക്കറ്റിൽ മത്സരിച്ചിരുന്നു. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ എസ്.പിയും അപ്‌നാ ദളും തമ്മിലുണ്ടായ ഭിന്നതയെ തുടർന്നാണ് അപ്നാ ദളും എ.ഐ.എം.ഐ.എമ്മും തമ്മിലുള്ള സഖ്യം രൂപപ്പെട്ടത്.
അതേസമയം, എസ്.പിയും കോൺഗ്രസും തമ്മിലെ സീറ്റ് ധാരണയിൽ തീരുമാനമായി. സംസ്ഥാനത്തെ 80 ലോക്സഭാ മണ്ഡലങ്ങളിൽ 17ഇടത്ത് കോൺഗ്രസ്സും 63ഇടത്ത് എസ്.പിയും മത്സരിക്കും. ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 19 മുതൽ ജൂൺ 1 വരെയാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.