പട്‌ന: പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന് വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് സന്ദേശം അയച്ച വ്യക്തി അവകാശപ്പെടുന്നു. ബിഹാറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് പപ്പു യാദവ്.
പിഴവുകളുള്ള ഹിന്ദിയില്‍ അയച്ച സന്ദേശത്തിനൊടുവില്‍ അവസാനദിവസം ആഘോഷിച്ചോളൂ എന്ന് ഇംഗ്ലീഷിലും പറയുന്നുണ്ട്. ഭീഷണി സന്ദേശത്തിനൊപ്പം ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടനത്തിന്റെ വീഡിയോയും ചേർത്തിട്ടുണ്ട്.
ലോറന്‍സ് ബിഷ്‌ണോയിയുടെ ഭീഷണി നേരിടുന്നയാളാണ് പൂര്‍ണിയയില്‍നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു. ലോറന്‍സ് ബിഷ്‌ണോയി സംഘാംഗങ്ങള്‍ എം.പിക്ക് അരികിലേക്ക് എത്തിക്കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും വാട്ട്‌സ്ആപ്പ് സന്ദേശത്തിലുണ്ട്.
തന്നെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പലവട്ടം മരിക്കാന്‍ തയ്യാറാണെന്നും പപ്പു യാദവ് പ്രതികരിച്ചു. തനിക്കെതിരേ വരുന്ന തുടര്‍ച്ചയായ വധഭീഷണികള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ, ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഇല്ലായ്മ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് പപ്പു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വധഭീഷണികള്‍ വരാന്‍ തുടങ്ങിയത്. വധഭീഷണിയുണ്ടായതിന് പിന്നാലെ പൂര്‍ണിയ പോലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.