സർക്കാർ കോളജിൽ ഹിജാബ് നിരോധിച്ചതിനെ തുടർന്ന് സംഘർഷ സാഹചര്യം ചൂണ്ടികാട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച കർണാടകയിലെ ഉഡുപ്പിയിൽ സുരക്ഷാ സനേയുടെ ഫ്ലാഗ് മാർച്ച്. സ്കൂളുകളും കോളജുകളും തുറക്കുന്നതിെൻറ മുന്നോടിയായാണ് ഫ്ലാഗ് മാർച്ച് നടത്തിയത്.
ഉഡുപ്പിയിലെ സർക്കാർ പി.യു കോളജിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്ന െപൺകുട്ടികളെ ക്ലാസിൽ കയറാനനുവദിക്കാത്തതാണ് സംഭവങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ച പെൺകുട്ടികളെ ഡിസംബർ 31 മുതൽ ക്ലാസിൽ പ്രവേശിപ്പിക്കുന്നില്ല. ഇതിനെതിരെ പെൺകുട്ടികൾ സമരത്തിലാണ്. എന്നാൽ, സമരം ചെയ്യുന്ന പെൺകുട്ടികൾക്കെതിരെ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഹിജാബ് നിരോധന വിവാദം ദേശീയ -അന്തർദേശീയ തലങ്ങളിൽ വരെ ചർച്ചയാകുകയും നൊബേൽ ജേതാവ് മലാല യൂസഫ് സായിയെ പോലുള്ളവർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സമരത്തിന് പിന്തുണ വർധിക്കുന്ന സാഹചര്യത്തിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ ഹിജാബിനെതിരെ നിലപാട് ശക്തമാ ക്കുകയായിരുന്നു. കാവി ഷാളണിഞ്ഞെത്തിയ സംഘപരിവാർ പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.
സംഘർഷമുണ്ടായതോടെ മേഖലയിലെ സ്കൂളുകളും കോളജുകളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ്. ഇൗ സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കാനാണ് ഉഡുപ്പിയിൽ സുരക്ഷാ സേനയുടെ ഫ്ലാഗ് മാർച്ച് നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, ഹിജാബ് ധരിക്കുന്ന വിദ്യാർഥികൾക്കെതിരായ വിലക്ക് ഇപ്പോഴും നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.