ന്യൂഡൽഹി: ലിവ് ഇൻ റിലേഷൻഷിപ്പിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വീടുകളിൽ പ്രശ്നങ്ങൾ തുറന്നുപറയാൻ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്നും അവർ ട്വറ്ററിൽ കുറിച്ചു. 'മാതാപിതാക്കൾ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായം തേടാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും രേഖ ശർമ്മ പറയുന്നു. അത്തരം സാഹചര്യമില്ലെങ്കിൽ കുട്ടികൾ അവരുടെ ചിന്തകളും വികാരങ്ങളും പങ്കിടാൻ മടിക്കും. കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, നമ്മുടെ സുഹൃത്തുക്കളായി പരിഗണിക്കേണ്ടത് പ്രധാനമാണ്. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നമ്മോട് തുറന്നുപറയാൻ അവരെ അനുവദിക്കണം...' ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കുടുംബത്തിനും പങ്കുണ്ടെന്നും അവർ പറഞ്ഞു.
ഫെബ്രുവരി 10 നായിരുന്നു ന്യൂഡല്‍ഹിയില്‍ സാഹിൽ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സാഹിലും നിക്കിയും 2020ല്‍ വിവാഹിതരായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
അതേസമയം, വിവാഹം കഴിച്ച കാര്യം തങ്ങൾക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ സാഹിലിന്റെ കുടുംബം ഈ ബന്ധത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതായും പൊലീസ് പറയുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സാഹലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
ഗൂഢാലോചനയിൽ പങ്കെടുത്ത കുറ്റത്തിന് സാഹിലിന്റെ പിതാവ് വീരേന്ദർ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.