പാർലമെന്‍റ് അതിക്രമം; പ്രശസ്തരാവാൻ എന്തെങ്കിലും 'വലിയ കാര്യങ്ങൾ' ചെയ്യാൻ പ്രതികൾ ആഗ്രഹിച്ചെന്ന് പൊലീസ്

ന്യൂഡൽഹി: പ്രശസ്തരാവാൻ എന്തെങ്കിലും 'വലിയ കാര്യങ്ങൾ' ചെയ്യാൻ പാർലമെന്‍റ് അതിക്രമ കേസിലെ ആറ് പ്രതികളും ആഗ്രഹിച്ചെന്ന് കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ്. പ്രതികൾക്ക് പിന്നിൽ മറ്റ് പ്രേരകശക്തികളില്ലെന്നും പുറത്തുനിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സാഗർ ശർമ, മനോരഞ്ജൻ ഡി, നീലം ദേവി, അമോൾ ഷിൻഡെ, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് കേസിലെ പ്രതികൾ.

അറസ്റ്റ് ചെയ്യപ്പെട്ടാലും തങ്ങൾ കടുത്ത കുറ്റകൃത്യമല്ല ചെയ്യുന്നത് എന്നതിനാൽ പുറത്തുവിടുമെന്ന ധാരണയും പ്രതികൾക്കുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മനോരഞ്ജനാണ് സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. 'ഭഗത് സിങ് ഫാൻ ക്ലബ്' എന്ന ഫേസ്ബുക് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സമാനസ്വഭാവമുള്ളവരെ കണ്ടെത്തി, ശ്രദ്ധിക്കപ്പെടാൻ വേണ്ടി 'വലിയ' എന്തെങ്കിലും കാര്യങ്ങൾ ചെയ്യുകയായിരുന്നു ലക്ഷ്യം. പ്രതികൾ എല്ലാവരും നാലുവർഷമായി തമ്മിൽ അറിയുന്നവരാണ്. എന്നാൽ, പാർലമെന്‍റിൽ അതിക്രമം കാട്ടാനുള്ള പദ്ധതി ഒരു വർഷം മുമ്പാണ് തയാറാക്കുന്നത്. 'ഭഗത് സിങ് ഫാൻ ക്ലബി'ലെ എല്ലാവരും ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചവരല്ല. ഡിസംബർ 13ലെ സംഭവത്തിന് ശേഷം പലരും ഗ്രൂപ്പിൽ നിന്ന് പിരിഞ്ഞുപോയെന്നും പൊലീസ് വ്യക്തമാക്കി. 

പ്രതികൾ

 

മനോരഞ്ജനാണ് മൈസൂരു എം.പിയുടെ സന്ദർശക പാസ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഡൽഹി നിയമസഭയിൽ ഭഗത് സിങ് നടത്തിയ പോലെയൊരു പ്രവൃത്തി പുനരാവിഷ്കരിക്കുകയാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 13നായിരുന്നു പ്രതികൾ പാർലമെന്‍റിനകത്ത് അതിക്രമം കാട്ടിയത്. മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തിയ സാഗർ ശർമയും മനോരഞ്ജൻ ഗൗഡയും എം.പിമാർക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു. ചാടിയിറങ്ങിയ ഇവരെ എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

പാർലമെന്‍റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട നീലവും അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. മറ്റ് രണ്ട് പ്രതികളെ പിന്നീടാണ് പിടികൂടിയത്. 

Tags:    
News Summary - Parliament breach: Accused wanted to do ‘something big’ for fame, says Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.