ന്യൂഡൽഹി: രാജ്യത്ത് പശുവിൻറെ പേരിൽ ജനങ്ങളെ കൊലപ്പെടുത്തുകയും ആക്രമിക്കുന്നതും ചെയ്യുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ബി.ജെ.പി- സംഘ്പരിവാർ പ്രവർത്തകരാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സർക്കാർ പിന്തുണയോടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറുന്നതെന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി. പശുവിൻെറ പേരിലുള്ള കൊലപാതകങ്ങൾ രാജ്യത്ത് ദിനംപ്രതി അരങ്ങേറുന്നു. ഭരണകക്ഷിയിലെ അംഗങ്ങളും സംഘ് പരിവാർ പ്രവർത്തകരും ഈ കൂട്ടക്കൊലകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡിലെ കൊലപാതകത്തിൽ ബി.ജെ.പി ബന്ധം തെളിയിക്കുന്നതാണ് ബി.ജെ.പി മീഡിയ സെൽ നേതാവ് നിത്യാനന്ദ മഹ്ട്ടാ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പശുവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന ഒട്ടേറെ അക്രമ സംഭവങ്ങൾ ആസാദ് പാർലമെൻറിൽ വിശദീകരിച്ചു. രാജ്യത്ത് നടക്കുന്ന ദലിതുകൾക്കെതിരായ അക്രമത്തിനെതിരെയും കോൺഗ്രസ് എം.പി പ്രതികരിച്ചു. എന്നാൽ ആസാദിൻെറ പ്രസ്താവനക്കെതിരെ ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തി. അക്രമങ്ങൾക്ക് സാമുദായിക നിറങ്ങൾ നൽകരുതെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ അത് അക്രമികളെ സഹായിക്കുമെന്നും നഖ്വി പറഞ്ഞു. അൽവാർ, ബല്ലാബ്ഗഢ് കൊലകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി പ്രതികരിച്ചു.
ചൈനയുമായി തുടരുന്ന അതിർത്തി പ്രശ്നങ്ങളും പാർലമെൻറിൽ ചർച്ചയായി. ഭൂട്ടാൻെറയും സിക്കിമിൻെറയും സുരക്ഷയിൽ ഇന്ത്യക്ക് ഉത്തരവാദിത്തമുണ്ടെന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കി. പാകിസ്താനേക്കാൾ ഇന്ത്യക്ക് വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.