കോ​ൺ​ഗ്ര​സ് ​അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ഇ.​ഡി ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ​തി​രെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്റി​ൽ നി​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ നി​ല​ത്തി​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി

ന്യൂ​ഡ​ൽ​ഹി: മോദിസർക്കാറിന്റെ ജനവിരുദ്ധ, പ്രതിപക്ഷ വിരുദ്ധ ഭരണ ശൈലിയിൽ പ്രതിഷേധിച്ച എം.പിമാർക്ക് നേരെ പാർലമെന്റിലും പുറത്തും പൊലീസ് മുറ. കേരളത്തിൽനിന്നുള്ള മൂന്ന് ഇടത് എം.പിമാർ അടക്കം 19 പേർക്ക് രാജ്യസഭയിൽ സസ്പെൻഷൻ. പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് എം.പിമാർ മണിക്കൂറുകൾ പൊലീസ് കസ്റ്റഡിയിൽ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടാം ദിവസവും മണിക്കൂറുകൾ ചോദ്യം ചെയ്തതിനൊപ്പമായിരുന്നു ഇത്. പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു.

വിലക്കയറ്റ പ്രശ്നത്തിൽ ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അഞ്ചു പാർട്ടികളിലെ 19 എം.പിമാരെയാണ് ഈയാഴ്ചത്തേക്ക് രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്. സി.പി.എമ്മിലെ എ.എ റഹിം, വി. ശിവദാസൻ, സി.പി.ഐയിലെ പി. സന്തോഷ് കുമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തിയതിന് ലോക്സഭയിൽനിന്ന് ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരടക്കം നാലു പേരെ മഴക്കാല സമ്മേളനാവസാനം വരെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

സഭാ നടപടി തടസ്സപ്പെടുത്തുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സർക്കാർ. അതേസമയം, സർക്കാറിനെ സമ്മർദത്തിലാക്കി പ്രതിപക്ഷം ഇരുസഭകളിലും നടപടികൾ തുടർച്ചയായി സ്തംഭിപ്പിച്ചു.

ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ എം.പിമാരെ അനുവദിക്കാത്തതിലും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് ദുരുപയോഗിക്കുന്നതിലും പ്രതിഷേധിച്ച് നേരത്തെ, പാർലമെന്റ് മന്ദിരത്തിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എം.പി സംഘത്തെ വിജയ് ചൗക്കിനു സമീപം പൊലീസ് തടഞ്ഞു. എം.പിമാരെ കസ്റ്റഡിയിലെടുത്ത പൊലീസ്, അവരിൽ പലരെയും വലിച്ചിഴച്ചാണ് ബസിൽ കയറ്റിയത്. രാഹുൽ ഗാന്ധി കുത്തിയിരുന്നു പ്രതിഷേധിച്ചു.

കുറെ സമയത്തിനു ശേഷം രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബസിലാക്കി. കിങ്സ്വേ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയ ഇവരെ മണിക്കൂറുകൾ കസ്റ്റഡിയിൽവെച്ച ശേഷം വൈകിട്ടുമാത്രമാണ് വിട്ടയച്ചത്.



Tags:    
News Summary - Parliament protest of the opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.