മുംബൈ: ഇരു മുന്നണികളുമായി ചങ്ങാത്തമില്ലാത്ത ചെറു പാർട്ടികളെയും സ്വതന്ത്രരേയും കൈയൊഴിഞ്ഞ് മഹാരാഷ്ട്ര. ആരുമായും കൂട്ടില്ലാത്തവരിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടിക്ക് മാത്രമാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒരു സീറ്റെങ്കിലും ലഭിച്ചത്. 162 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാലേഗാവ് സെൻഡ്രൽ സീറ്റ് സിറ്റിങ് സീറ്റ് അബ്ദുൽ ഖാലിഖ് നിലനിർത്തുകയായിരുന്നു. മറ്റൊരു സിറ്റിങ് സീറ്റായ ധൂലെ മജ്ലിസിനെ കൈവിട്ടു. ഇവിടെ രണ്ടാം സ്ഥാനത്താണ്.
ഔറംഗാബാദിലും (രണ്ട്), സോലാപുരിലുമായി മറ്റു മൂന്നിടത്തുകൂടി മജ്ലിസ് രണ്ടാമതാണ്. 200 സീറ്റിൽ മത്സരിച്ച പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് (വി.ബി.എ) ഒരു സീറ്റിലും ജയിക്കാനായില്ല. എങ്കിലും 14 സീറ്റിൽ കോൺഗ്രസ് സഖ്യത്തിന്റെ വിജയം തടഞ്ഞു. 125 സീറ്റിൽ മത്സരിച്ച എം.എൻ.എസിനും വട്ടപ്പൂജ്യമാണ് ഫലം. പാർട്ടി അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ കന്നിയങ്കത്തിൽതന്നെ മാഹിമിൽ വീണു. ഉദ്ധവ്-ഷിൻഡെ പോരിൽ അമിത് മൂന്നാം സ്ഥാനത്തായിപ്പോയി. വസായ് -വീരാർ മേഖലയിലെ ബഹുജൻ വികാസ് അഘാഡിയും (ബി.വി.എ) വട്ടപ്പൂജ്യമായി. ഏഴാം അങ്കത്തിനിറങ്ങിയ പാർട്ടി അധ്യക്ഷൻ ഹിതേന്ദ്ര ഠാക്കൂറും നാലാമങ്കത്തിന് ഇറങ്ങിയ മകൻ ക്ഷിജിത് ഠാക്കൂറും വീണു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെയേ പണവുമായി നക്ഷത്ര ഹോട്ടലിൽ പിടികൂടിയത് ഇവരായിരുന്നു. ഇത്തവണ ആകെ രണ്ട് സ്വതന്ത്രരാണ് ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.