ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാൻ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് ഗതാഗത, വിനോദ സഞ്ചാര, സംസ്കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് പറഞ്ഞ തീയതിക്കകം കൈമാറുമോ എന്ന് സമിതി ചോദിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേർന്ന് പ്രധാന തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമല വിമാനത്താവളത്തിന്‍റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാർലമെന്‍ററിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി നിർദേശിച്ചു. കേരള സർക്കാർ നടത്തിയ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠനത്തിന്‍റെ തൽസ്ഥിതി എന്താണെന്നും റിപ്പോർട്ട് ആരാഞ്ഞു.
വർഷം തോറും ലക്ഷക്കണക്കിന് ആഭ്യന്തര-അന്തർദേശീയ തീർഥാടകർ ശബരിമയിലെത്തുന്നുണ്ട്. തീർഥാടന വിനോദ സഞ്ചാരത്തിന് ഇത് ഉത്തേജനം നൽകും. വികസിത വിനോദ സഞ്ചാര സർക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ശബരിമലയെയും ഈ സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
31 എം.പിമാർ അടങ്ങുന്ന ടി.ജി. വെങ്കിടേക്ഷ് അധ്യക്ഷനായ ഗതാഗത, വിനോദ സഞ്ചാര, സംസ്കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതിയിൽ കേരളത്തിൽനിന്ന് കെ. മുരളീധരൻ, ആന്‍റോ ആന്‍റണി എന്നിവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.