ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരിയെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തതിലുള്ള രോഷപ്രകടനത്തിന്റെയും ബഹിഷ്കരണത്തിന്റെയും അകമ്പടിയോടെ മഴക്കാല പാർലമെന്റ് സമ്മേളനം സമാപിച്ചു.
സമാപന ദിനത്തിൽ ലോക്സഭ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമക്കു മുന്നിലേക്ക് മാർച്ച് നടത്തി. ഭരണഘടന ചട്ടങ്ങൾ സർക്കാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. സ്പീക്കർ ഓം ബിർല സമ്മേളന സമാപന ദിനത്തിൽ നടത്തുന്ന പതിവു ചായ സൽക്കാരവും പ്രതിപക്ഷം ബഹിഷ്കരിച്ചു.
പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണ്, സഭയിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് അധിർ രഞ്ജൻ ചൗധരിയെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. മോശം പെരുമാറ്റം അവകാശലംഘന സമിതിയുടെ പഠനത്തിന് വിട്ടു. കമ്മിറ്റി ശിപാർശ വരുന്നതുവരെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ വിഷയം ഈ കമ്മിറ്റിക്ക് വിടുന്നത് ഇതാദ്യമാണ്. ലോക്സഭയുടെ കാര്യോപദേശക സമിതി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്നീനിലകളിൽ തുടരാൻ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവിനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടത്. സുപ്രധാന സഭാ സമിതിയായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പ്രവർത്തനം നിലക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഭരണഘടന വിരുദ്ധമായ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്ന് വിവിധ പാർട്ടി നേതാക്കൾ സ്പീക്കർക്ക് എഴുതിയിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിക്കേണ്ട വിഷയമാണിതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.