ലഖ്നോ: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ 'വിർച്വൽ' പ്രചാരണത്തിനൊരുങ്ങി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഡിജിറ്റൽ കാമ്പയിനിലൂടെ സജീവമാകാനാണ് പാർട്ടികളുടെ നീക്കം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും റാലികൾ റദ്ദാക്കിയിരുന്നു. ഞായറാഴ്ച ലഖ്നോവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരുന്ന റാലിയും ചൊവ്വാഴ്ച നോയിഡയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കാനിരുന്ന റാലിയുമാണ് റദ്ദാക്കിയത്.
ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ റാലികളും പൊതു പരിപാടികളും റദ്ദാക്കുന്നതായി കോൺഗ്രസ് അറിയിച്ചിരുന്നു. ജനുവരി ഏഴിനും എട്ടിനും നടത്താനിരുന്നു സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നയിക്കുന്ന വിജയഥ യാത്രയും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു. ആം ആദ്മി പാർട്ടിയും പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ റാലികളിലെ ആൾക്കൂട്ടം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ നിതി ആയോഗ് ആശങ്ക അറിയിച്ചിരുന്നു.
പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം ആരംഭിക്കാനുള്ള പാർട്ടികളുടെ നീക്കം. ബി.ജെ.പി, എസ്.പി, ബി.എസ്.പി, കോൺഗ്രസ് പാർട്ടികൾ അവരുടെ സോഷ്യൽ മീഡിയ സെല്ലുകൾ ശക്തിപ്പെടുത്താൻ ശ്രമം ആരംഭിച്ചു. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റൽ യോഗങ്ങളും വിർച്വൽ റാലികളും സംഘടിപ്പിക്കും.
പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിർച്വൽ യോഗങ്ങൾ ആരംഭിച്ചതായി ബി.ജെ.പി വക്താവ് രാകേഷ് ത്രിപാദി അറിയിച്ചു.
75 ജില്ലകളിലും 18 ഡിവിഷനുകളിലും ബൂത്ത്‍തലം വരെയുള്ള ഓഫിസുകളിൽ വിർച്വൽ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനായി ബി.ജെ.പി ഉപകരണങ്ങൾ സജ്ജീകരിച്ചു. ബി.എസ്.പിയും എസ്.പിയും വിർച്വൽ റാലികൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.