പാർട്ടി ശരദ്​ പവാറിനൊപ്പം -എൻ.സി.പി

ന്യൂഡൽഹി: പാർട്ടി ശരദ്​ പവാറിനൊപ്പമെന്ന്​ പ്രഖ്യാപിച്ച്​ എൻ.സി.പി. ആ പദവി മ​റ്റാരെങ്കിലും അവകാശപ്പെടുന്നത്​ ഗൗരവത്തിലെടുക്കുന്നില്ല. മൂന്നു വർഷം കൂടുമ്പോൾ പാർട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ്​ പാർട്ടി ഭരണഘടന അനുശാസിക്കുന്നത്​. അതനുസരിച്ച്​ ആഴ്ചകൾക്കു മുമ്പേ തെരഞ്ഞെടുക്ക​പ്പെട്ട ശരദ്​ പവാറാണ്​ എൻ.സി.പി അഖിലേന്ത്യ പ്രസിഡന്‍റ്​.

ബി.​ജെ.പിക്കൊപ്പം പോയ പ്രഫുൽ പട്ടേൽ, സുനിൽ തത്​കരെ എന്നിവരടക്കം ഡസനോളം പേരെ പുറത്താക്കിയ നടപടി ഡൽഹിയിൽ ശരദ് പവാർ വിളിച്ച പ്രവർത്തകസമിതി യോഗം ശരിവെച്ചു പാർട്ടിയിൽ ബഹുഭൂരിപക്ഷം ആർക്കൊപ്പമാണെന്ന സത്യം പിന്നാലെ പുറത്തു വരുമെന്ന്​ യോഗ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ അറിയിച്ച പി.സി. ചാക്കോ വിശദീകരിച്ചു.

പ്രായമല്ല, കാര്യക്ഷമതയാണ്​ പ്രധാനമെന്ന്​ ബി.ജെ.പിക്കൊപ്പം ചേർന്ന്​ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്​ പവാറിനെ പവാർ ഓർമിപ്പിച്ചു. 82 വയസ്സോ, 92 വയസ്സോ എന്നതല്ല കാര്യമെന്ന്​ അദ്ദേഹം പറഞ്ഞു. 83 വയസ്സായ ശരദ്​ പവാർ എന്നാണ്​ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതെന്നും പുതിയ ആളുകൾക്ക്​ അവസരം നൽകണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അജിത്​ പവാറിന്‍റെ പരസ്യ ഉപദേശം.

അതേസമയം, ശരദ്​ പവാർ വിളിച്ച ഡൽഹി നേതൃയോഗത്തിനോ തീരുമാനത്തിനോ നിയമ സാധുതയില്ലെന്ന്​ അജിത്​ പവാർ മുംബൈയിൽ പറഞ്ഞു. ജൂൺ 30ന്​ ചേർന്ന ദേശീയ നിർവാഹക സമിതി യോഗം അഖിലേന്ത്യ പ്രസിഡന്‍റായി അജിത്​ പവാറിനെ തെരഞ്ഞെടുത്തു. അക്കാര്യം ചൂണ്ടിക്കാട്ടി യഥാർഥ പാർട്ടി തങ്ങളുടേതാണെന്നും പാർട്ടി ചിഹ്​നം വിട്ടു കിട്ടണമെന്നും​ തെരഞ്ഞെടുപ്പ്​ കമീഷനിൽ അറിയിച്ചിട്ടുണ്ട്​. ഇക്കാര്യത്തിൽ കമീഷനാണ്​ തീരുമാനമെടുക്കേണ്ടത്​. മറിച്ചുള്ള തീരുമാനങ്ങൾക്കും യോഗങ്ങൾക്കും നിയമപരമായ പിൻബലമില്ലെന്ന്​ അജിത്​ പവാർ പറഞ്ഞു.

ഇതിനിടെ, ഡൽഹിയിലെത്തിയ ശരദ്​ പവാറിനെ കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വസതിയിൽ ചെന്നുകണ്ട്​ പാർട്ടി പിന്തുണ അറിയിച്ചു.  

Tags:    
News Summary - Party with Sharad Pawar - NCP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.