പാർട്ടി ശരദ് പവാറിനൊപ്പം -എൻ.സി.പി
text_fieldsന്യൂഡൽഹി: പാർട്ടി ശരദ് പവാറിനൊപ്പമെന്ന് പ്രഖ്യാപിച്ച് എൻ.സി.പി. ആ പദവി മറ്റാരെങ്കിലും അവകാശപ്പെടുന്നത് ഗൗരവത്തിലെടുക്കുന്നില്ല. മൂന്നു വർഷം കൂടുമ്പോൾ പാർട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനാണ് പാർട്ടി ഭരണഘടന അനുശാസിക്കുന്നത്. അതനുസരിച്ച് ആഴ്ചകൾക്കു മുമ്പേ തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാറാണ് എൻ.സി.പി അഖിലേന്ത്യ പ്രസിഡന്‍റ്.
ബി.ജെ.പിക്കൊപ്പം പോയ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ എന്നിവരടക്കം ഡസനോളം പേരെ പുറത്താക്കിയ നടപടി ഡൽഹിയിൽ ശരദ് പവാർ വിളിച്ച പ്രവർത്തകസമിതി യോഗം ശരിവെച്ചു പാർട്ടിയിൽ ബഹുഭൂരിപക്ഷം ആർക്കൊപ്പമാണെന്ന സത്യം പിന്നാലെ പുറത്തു വരുമെന്ന് യോഗ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ അറിയിച്ച പി.സി. ചാക്കോ വിശദീകരിച്ചു.
പ്രായമല്ല, കാര്യക്ഷമതയാണ് പ്രധാനമെന്ന് ബി.ജെ.പിക്കൊപ്പം ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ പവാർ ഓർമിപ്പിച്ചു. 82 വയസ്സോ, 92 വയസ്സോ എന്നതല്ല കാര്യമെന്ന് അദ്ദേഹം പറഞ്ഞു. 83 വയസ്സായ ശരദ് പവാർ എന്നാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അജിത് പവാറിന്‍റെ പരസ്യ ഉപദേശം.
അതേസമയം, ശരദ് പവാർ വിളിച്ച ഡൽഹി നേതൃയോഗത്തിനോ തീരുമാനത്തിനോ നിയമ സാധുതയില്ലെന്ന് അജിത് പവാർ മുംബൈയിൽ പറഞ്ഞു. ജൂൺ 30ന് ചേർന്ന ദേശീയ നിർവാഹക സമിതി യോഗം അഖിലേന്ത്യ പ്രസിഡന്‍റായി അജിത് പവാറിനെ തെരഞ്ഞെടുത്തു. അക്കാര്യം ചൂണ്ടിക്കാട്ടി യഥാർഥ പാർട്ടി തങ്ങളുടേതാണെന്നും പാർട്ടി ചിഹ്നം വിട്ടു കിട്ടണമെന്നും തെരഞ്ഞെടുപ്പ് കമീഷനിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കമീഷനാണ് തീരുമാനമെടുക്കേണ്ടത്. മറിച്ചുള്ള തീരുമാനങ്ങൾക്കും യോഗങ്ങൾക്കും നിയമപരമായ പിൻബലമില്ലെന്ന് അജിത് പവാർ പറഞ്ഞു.
ഇതിനിടെ, ഡൽഹിയിലെത്തിയ ശരദ് പവാറിനെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വസതിയിൽ ചെന്നുകണ്ട് പാർട്ടി പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.