ശ്രീനഗർ: എൻ.ജി.ഒ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ റെയ്ഡിൽ വിശദീകരണവുമായി ശ്രീനഗറിലെ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് പേരന്‍റ്സ് ഒാഫ് ഡിസപ്പിയേർഡ് പേഴ്സൺസ് (എ.പി.ഡി.പി.കെ) രംഗത്ത്. എ.പി.ഡി.പി.കെയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയതായി ചെയർപേഴ്‌സൺ പർവീന അഹാംഗർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സ്ഥാപനം സംബന്ധിച്ച രേഖകൾ പരിശോധിച്ച എൻ.ഐ.എ സംഘം, ചില രേഖകളും ചെയർപേഴ്‌സന്‍റെ മൊബൈൽ ഫോണും കൂടുതൽ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കശ്മീരിലെ സുരക്ഷാസേനകളുടെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വിവരങ്ങളാണ് എൻ.ഐ.എ പിടിച്ചെടുത്ത രേഖകളിലുള്ളതെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി.
ഇതിൽ ആയിരത്തിലധികം വിവരങ്ങൾ സംസ്ഥാനത്ത് കാണാതായവരെ കുറിച്ചുള്ളതാണ്. 400 എണ്ണം പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവരെ കുറിച്ചാണ്. 300-400 എണ്ണം അന്യായ തടങ്കൽ, പീഡനം, ലൈംഗിക അതിക്രമം എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭക്കും വിവിധ മനുഷ്യാവകാശ സംഘടനകൾക്കും കൈമാറിയ വിവരങ്ങളുമാണ്.
ഇരകളുടെ പേരും മേൽവിലാസങ്ങളും അടങ്ങുന്ന രേഖകൾ അന്വേഷണ സംഘം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണെന്നും എ.പി.ഡി.പി.കെ പറയുന്നു.
സർക്കാറിതര സ്ഥാപനങ്ങൾ (എൻ.ജി.ഒ) ധനസമാഹരണം നടത്തിയ കേസിൽ ബുധനാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗർ, ബന്ദിപോറ എന്നിവിടങ്ങളിലെ പത്ത് സ്ഥലങ്ങളിലും ബംഗളൂരുവിലെ ഒരിടത്തും എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ, ഇന്ന് ശ്രീനഗറിലെ ആറ് എൻ.ജി.ഒകളും മറ്റ് ട്രസ്റ്റുകളും അടക്കം ഒമ്പതിടത്തും ഡൽഹിയിലും എൻ.ഐ.എ പരിശോധന നടത്തുന്നുണ്ട്.
ചില എൻ.ജി.ഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഈ ഫണ്ട് ഉപയോഗിക്കുന്നുവെന്നാണ് എൻ.ഐ.എ ഇന്നലെ വ്യക്തമാക്കിയത്. ഒക്ടോബർ എട്ടിന് രജിസ്റ്റർ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.