ന്യൂഡൽഹി: 185 യാത്രക്കാരുമായി പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം ഇടത് ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തിൽ പ്രതികരണവുമായി സ്പൈസ്ജെറ്റ് ചീഫ് ഓഫ് ഫ്ലൈറ്റ് ഓപ്പറേഷൻ ഗുരുചരൻ അറോറ. പൈലറ്റുമാരെ ഓർത്ത് അഭിമാനിക്കാനും അവരിൽ വിശ്വാസമർപ്പിക്കാനും അദ്ദേഹം യാത്രക്കാരോട് അഭ്യർഥിച്ചു.
'എല്ലാ സ്‌പൈസ്‌ജെറ്റ് പൈലറ്റുമാരിലും വിശ്വസിക്കാൻ ഞാൻ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നു. അവരെല്ലാം നന്നായി പരിശീലനം നേടിയവരാണ്. സ്‌പൈസ് ജെറ്റ് പൈലറ്റുമാർ പട്‌നയിലെ സാഹചര്യം നന്നായി കൈകാര്യം ചെയ്തു എന്നത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യവുമാണ്.'-ഗുരുചരൻ അറോറ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 12.10ന് പട്ന വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബോയിങ്-737 വിമാനത്തിന്റെ എൻജിന് തീപ്പിടിച്ചതിനെ തുടർന്ന് നിമിഷങ്ങൾക്കകം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. വിമാനകമ്പനിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് പക്ഷി ഇടിച്ചതിനെ തുടർന്നാണ് എൻജിനിൽ തീപടിച്ചത്. സംഭവത്തിന് ശേഷം ഒരു എൻജിൻ ഉപയോഗിച്ച് പട്ന വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറക്കിയതിന് പൈലറ്റ് മോണിക്ക ഖന്നയെയും ഫസ്റ്റ് ഓഫീസർ ബൽപ്രീത് സിങ് ഭാട്ടിയയെയും സ്‌പൈസ് ജെറ്റ് പ്രശംസിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.