ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ലോകം നെട്ടോട്ടമോടുന്നതിനിടെ രോഗത്തിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതഞ്ജലി. പതഞ്ജലിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ആചാര്യ ബാൽകൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
മരുന്ന് നൂറുകണക്കിന് കോവിഡ് രോഗികളിൽ പരീക്ഷിച്ചെന്നും 100 ശതമാനം അനുകൂല ഫലം ലഭിച്ചെന്നും ബാൽകൃഷ്ണ അറിയിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഞങ്ങൾ ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചു. വൈറസ് ശരീരത്തിൽ വ്യാപിക്കുന്നത് തടയാൻ കഴിയുന്ന സംയുക്തങ്ങൾ കണ്ടെത്തി. തുടർന്ന് നൂറുകണക്കിന് കോവിഡ് രോഗികളിൽ കേസ് സ്റ്റഡി നടത്തിയപ്പോൾ 100 ശതമാനം അനുകൂല ഫലം ലഭിച്ചു - ബാൽകൃഷ്ണ അവകാശപ്പെട്ടു.
ആയുർവേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും. കമ്പനി ഇപ്പോൾ മരുന്ന് പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും തെളിവുകൾ ഒരാഴ്ചക്കുള്ളിൽ പുറത്തുവിടുമെന്നും പതഞ്ജലി സി.ഇ.ഒ പറയുന്നു.
ബാബാ രാംദേവും ബാൽകൃഷ്ണയും ചേർന്ന് 2006ലാണ് പതഞ്ജലി സ്ഥാപിച്ചത്. പതഞ്ജലിയുടെ കോവിഡ് പ്രതിരോധമരുന്ന് കൊറോണിൽ എന്നപേരിലാണ് പുറത്തിറങ്ങുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.