ന്യൂഡൽഹി: ‘പതഞ്ജലി ആയുർവേദ’ ഉൽപന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ശനിയാഴ്ചയാണ് മാപ്പപേക്ഷ അടങ്ങിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതോടെ ഇരുവരോടും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ കർശന നിർദേശം നൽകിയിരുന്നു. ഇരുവരും കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞെങ്കിലും, വാക്കാലുള്ള മാപ്പ് പോരെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് സത്യവാങ്മൂലം നൽകിയത്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.