‘ആളുകൾക്ക് ഇപ്പോൾ മോദിയെ ഭയമില്ല’; ചെരിപ്പെറിഞ്ഞ സംഭവത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വാരാണസി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ കാറിന് നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രതിച്ഛായ തകർന്നുവെന്നും ആളുകൾക്ക് ഇപ്പോൾ അദ്ദേഹത്തെ ഭയമില്ലെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

'കഴിഞ്ഞ ദിവസം വാരാണസിയിൽ വെച്ച് തന്നെ ആരോ പ്രധാനമന്ത്രിയുടെ കാറിന് മുകളിൽ ചെറുപ്പെറിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർന്നു. ആളുകൾക്ക് ഇപ്പോൾ അദ്ദേഹത്തെ ഭയമില്ല' -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

സ്വന്തം മണ്ഡലമായ വാരാണസിയിൽ ബുധനാഴ്ച നടത്തിയ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര ​മോദിയുടെ കാറിന് നേരെ ചെരിപ്പെറിഞ്ഞത്. മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളിൽ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥൻ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്. റോഡരികിൽ ജനക്കൂട്ടം തിങ്ങി നിൽക്കുന്നതിനിടയിൽ നിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റിൽ വന്നു വീണത്.

വാരാണസിയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി മത്സരിക്കാനിറങ്ങിയ മോദിയെ വിറപ്പിച്ചുവിട്ടാണ് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഇക്കുറി കീഴടങ്ങിയത്. വോട്ടെണ്ണലിനിടെ, ഒരു ഘട്ടത്തിൽ റായിക്കുമുന്നിൽ 6000ലേറെ വോട്ടിന് പിന്നിലായിരുന്നു മോദി. ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ നിറംകെട്ട ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മോദി പ്രഭാവം ഇന്ത്യയൊട്ടുക്കും ആഞ്ഞടിക്കുമെന്ന് വീമ്പുപറഞ്ഞ് മത്സരിച്ച തെരഞ്ഞെടുപ്പിൽ വാരണാസിയിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ബി.ജെ.പിക്ക് കനത്ത ആഘാതമായി.

2019 ൽ മോദിക്കെതിരെ മത്സരിച്ചപ്പോൾ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ വീണ്ടും റായ് തന്നെ എതിരാളിയായതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. പക്ഷേ, കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഒന്നാന്തരമായി ഒത്തുപിടിച്ചപ്പോൾ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു.

Tags:    
News Summary - 'People Are No More Scared Of Him': Rahul Gandhi Defends Chappal Attack On PM Modi's Car In Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.