മധുര: പെപ്സി, കൊക്കക്കോള കമ്പനികള്‍ തിരുനെല്‍വേലിയിലെ താമിരഭരണി നദിയില്‍നിന്ന് വെള്ളം ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കി. വെള്ളമൂറ്റുന്നതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജികള്‍ കോടതി തള്ളി. വെള്ളം കുറഞ്ഞ നദിയില്‍നിന്ന് ബോട്ടിലിങ് പ്ളാന്‍റ് വെള്ളമൂറ്റുന്നതിനെതിരെ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
ജലചൂഷണത്തിനെതിരെ നല്‍കിയ രണ്ട് പൊതുതാല്‍പര്യ ഹരജികളില്‍ കോടതി കഴിഞ്ഞ നവംബറില്‍ നല്‍കിയ സ്റ്റേ നീക്കിയാണ് ജസ്റ്റിസുമാരായ എ. ശെല്‍വം, പി. കലൈഅരശന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കോള കമ്പനികളുടെ ആവശ്യം അംഗീകരിച്ചത്. കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന വെള്ളം കോള കമ്പനികള്‍ ചൂഷണം ചെയ്യുന്നത് തടയണമെന്ന വാദം കോടതി തള്ളി. 1000 ലിറ്റര്‍ വെള്ളം കേവലം 37.50 പൈസക്കാണ് നല്‍കുന്നത്.
എന്നാല്‍, നദിയില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും ജനങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളതാണ് കോള കമ്പനികള്‍ക്ക് നല്‍കുന്നതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് കോടതിയില്‍ അറിയിച്ചത്. ഹൈകോടതി ഉത്തരവ് വന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭം ശക്തിപ്പെടുത്തി. കോള കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി. പെപ്സിയും കോളയും ബഹിഷ്കരിച്ച് തമിഴ്നാട്ടിലെ കച്ചവടക്കാര്‍ ഒന്നടങ്കം സമരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.