ന്യൂഡൽഹി: എസ്.സി/എസ്.ടി/ഒ.ബി.സിയിൽ പെടാത്ത മേൽത്തട്ട് മുസ്ലിംകൾ പോലും മറ്റു മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിരംജോലിയിൽ പിന്നിലാണെന്ന് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പി.എൽ.എഫ്.എസ്) കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ വിശകലനം ചെയ്തുള്ള ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സ്ഥിരംതൊഴിൽ, സ്വയം തൊഴിൽ, താൽക്കാലിക ജോലി എന്നീ വിഭാഗങ്ങളിലും സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല എന്നീ സ്ഥാപനങ്ങളിലെയും ജോലിക്കാരുടെ സ്ഥിതിവിവരക്കണക്ക് നൽകുന്ന സർവേയാണ് പി.എൽ.എഫ്.എസ്.
സർക്കാർ ജോലി വിഭാഗത്തിൽ മുസ്ലിം പ്രാതിനിധ്യം ഏറെ പരിതാപകരമാണ്. ഇക്കാര്യം സച്ചാർ കമ്മിറ്റിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബിരുദവും ഉന്നത യോഗ്യതയുമുള്ള തൊഴിലന്വേഷകർ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം വിഭാഗത്തിൽ കുറവാണെന്നും പി.എൽ.എഫ്.എസ് പറയുന്നു. മുസ്ലിംകൾക്ക് എതിരായ തീവ്ര ഹിന്ദുത്വ സംഘങ്ങളുടെ അഴിഞ്ഞാട്ടം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിംകളിലെ ഏറ്റവും ദരിദ്രരുടെ ഉപജീവനമാർഗങ്ങളെയാണ്. ഇറച്ചിക്കടകൾ അടപ്പിക്കുന്നതുപോലുള്ള അക്രമസംഭവങ്ങൾ കാരണം ഏറ്റവും ദരിദ്രരുടെ ഉപജീവനമാർഗം അടയുന്നു.
ഇന്ത്യയിലെ ദരിദ്രരുടെ പട്ടികയിൽ മുസ്ലിംകൾ ആനുപാതികമായി കൂടുതലാണെന്നും കണക്കുകൾ പറയുന്നു. മറ്റു സമുദായങ്ങളേക്കാൾ മുസ്ലിം ജനസംഖ്യ വർധന നിരക്ക് കൂടുതലാണെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതായത്, ദരിദ്രരുടെ കണക്കെടുക്കുമ്പോൾ അതിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ളത്, മുസ്ലിം ജനസംഖ്യ മൊത്തത്തിൽ കൂടുന്നുവെന്നതിന്റെ തെളിവായി തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.