ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമം അടക്കമുള്ള ചൂഷണങ്ങൾ തടയാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നോട്ടീസ് അയച്ചു. തമിഴ് പത്രപ്രവർത്തകൻ നക്കീരൻ ഗോപാലൻ നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ശാരീരികവും മാനസികവുമായ ചൂഷണം ഇല്ലാതാക്കി വിദ്യാർഥികൾക്ക് സ്വതന്ത്രവും സുരക്ഷിതരുമാക്കാനുള്ള ചുറ്റുപാട് ഒരുക്കുക എന്നത് അവരുടെ അവകാശമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധവും അപകടകരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി മാറാൻ കുട്ടികളെ നിർബന്ധിക്കുന്ന സാഹചര്യവുമുണ്ടാകാം. സ്‌കൂളുകളിൽ കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ കൂടുമ്പോഴും അത് തടയുന്നതിന് നിലവിൽ മാർഗരേഖയില്ല.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു വീഴ്ചയും സംസ്ഥാന സർക്കാറിന്‍റെ വീഴ്ചയായി കണക്കാക്കണം. അതിനാൽ, അതത് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഏത് നിയമവും നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.