ന്യൂഡൽഹി: രണ്ടു മാസത്തെ ഇടവേളക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 74.84 രൂപ. ജൂൺ ആദ്യവാരം പെട്രോളിന് 73ഉം ഡീസലിന് 67ഉം ആയിരുന്നു വില. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 81.23 രൂപയും ഡീസലിന് 70.68 രൂപയുമായി. മുംബൈയിൽ പെട്രോളിന് 87.92ഉം ഡീസലിന് 77.11 രൂപയുമാണ് വില.
അസംസ്‌കൃത എണ്ണയുടെ വില ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറച്ചിരുന്നില്ല. മുന്‍ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസമായി എണ്ണവിതരണ കമ്പനികളുടെ ലാഭം വൻതോതിൽ വര്‍ധിച്ചിട്ടുമുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഇന്ധനവില കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കിയാണ് വീണ്ടും വില കൂട്ടിയത്.
പൊതുമേഖല എണ്ണക്കമ്പനികളാണ് ദിനംപ്രതി വില പുതുക്കിനിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റത്തിെൻറ അടിസ്ഥാനത്തിലും രൂപയുടെ മൂല്യമനുസരിച്ചുമാണ് വിലയിലെ ഏറ്റക്കുറച്ചിൽ നിശ്ചയിക്കുന്നത്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ടുമാസത്തോളം വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, മേയിൽ കേന്ദ്ര സർക്കാർ പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് നികുതി ഉയർത്തി. ജൂൺ ആദ്യവാരം വീണ്ടും പ്രതിദിന വർധന തുടങ്ങി. തുടർച്ചയായി ആഴ്ചകളോളം വിലവർധിപ്പിച്ചത് കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിരുന്നു. പിന്നീട് സെപ്റ്റംബർ 22 മുതൽ പെട്രോളിനും ഒക്ടോബർ രണ്ടു മുതൽ ഡീസലിനും വില പുതുക്കിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.