കോയമ്പത്തൂർ: നഗരത്തിൽ ബി.ജെ.പി ഓഫിസ് ഉൾപ്പെടെ മൂന്നിടങ്ങളിൽ പെട്രോൾ ബോംബേറ്. പൊള്ളാച്ചിയിലും പെട്രോൾ ബോംബേറും വാഹനങ്ങൾക്കുനേരെ അക്രമവും നടന്നു. വ്യാഴാഴ്ച രാത്രി 8.40ന് കോയമ്പത്തൂരിലെ ഗാന്ധിപുരം സിദ്ധാപുത്തൂർ വി.കെ.കെ. മേനോൻ റോഡിലെ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിനു നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്. ഓഫിസ് അങ്കണത്തിനു മുന്നിൽ വീണ പെട്രോൾ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഇതേസമയത്ത് നഗരത്തിലെ ഒപ്പനക്കാരവീഥിയിലെ 'മാരുതി കലക്ഷൻസ്' എന്ന ടെക്സ്റ്റൈൽസ് ഷോപ്പിലേക്കും പെട്രോൾ ബോംബേറുണ്ടായി. കടയിലെ തുണിക്കെട്ടുകളിൽ തീപടർന്നെങ്കിലും ഉടൻ അണച്ചു. രണ്ടു സംഭവങ്ങൾക്കു പിന്നിലും ഒരേ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാവിലെ 9.30ന് ബി.ജെ.പി രത്നപുരി മണ്ഡലം പ്രസിഡന്റ് മോഹന്റെ 'വേണി ട്രേഡേഴ്സ്' എന്ന കടക്കുനേരെയും അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. കോയമ്പത്തൂർ ടൗൺഹാൾ പരിസരത്ത് രണ്ടു തമിഴ്നാട് സർക്കാർ ബസുകൾക്കുനേരെ കല്ലേറുണ്ടായി.
വെള്ളിയാഴ്ച രാവിലെ പൊള്ളാച്ചിയിലും അനിഷ്ടസംഭവങ്ങളുണ്ടായി. പൊള്ളാച്ചി കുമരൻ നഗർ പളനിയപ്പ ലേഔട്ടിൽ ബി.ജെ.പി കോയമ്പത്തൂർ സൗത്ത് ജില്ല സെക്രട്ടറി പൊൻരാജ് ശിവയുടെ രണ്ടു കാറുകളും ഹിന്ദുമുന്നണി നേതാവ് ശരവണകുമാറിന്റെ രണ്ട് ഓട്ടോറിക്ഷകളും അക്രമിസംഘം കോടാലി ഉപയോഗിച്ച് തകർത്തു.
തമിഴ്നാട്ടിൽ തിരുവാരൂർ, കാരക്കാൽ എന്നിവിടങ്ങളിൽ ബസുകൾക്കുനേരെ കല്ലേറുണ്ടായി.
കേരളത്തിൽ പോപുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്ന് കോയമ്പത്തൂർ- പാലക്കാട് റൂട്ടിൽ അന്തർസംസ്ഥാന വാഹന ഗതാഗതം സ്തംഭിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ സംസ്ഥാനാതിർത്തിയായ വാളയാർ വരെ സർവിസ് നടത്തി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പോകേണ്ട ചരക്കുലോറികൾ വാളയാറിൽ നിർത്തിയിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറിനു ശേഷമാണ് ഇവ നീങ്ങിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.