പി.എഫ് പെൻഷൻ: മുഴുവൻ കണക്കും ഹാജരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഏറെ നിർണായക നീക്കത്തിൽ പി.എഫ് (പ്രോവിഡന്റ് ഫണ്ട്) പെൻഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്ന മുഴുവൻ രേഖകളും സമർപ്പിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്രത്തോടും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനോടും (ഇ.പി.എഫ്.ഒ) ആവശ്യപ്പെട്ടു. ജീവനക്കാർ പി.എഫ് പെൻഷനിലേക്ക് അടച്ച ദശലക്ഷക്കണക്കിന് കോടികൾ തൊടാതെവെച്ച് കേന്ദ്രസർക്കാർ വ്യാജ കണക്ക് നിരത്തുകയാണെന്ന അഭിഭാഷകരുടെ വാദം അഡീഷനൽ സോളിസിറ്റർ ജനറൽ ചോദ്യംചെയ്തപ്പോഴാണ് പെൻഷനുമായി ബന്ധപ്പെട്ട മുഴുവൻ കണക്കും ഹാജരാക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

വ്യാഴാഴ്ച അഡ്വ. ജയന്ത് മുത്തുരാജ് നിരത്തിയ കണക്കുകൾക്ക് പിന്നാലെ വെള്ളിയാഴ്ച ജീവനക്കാർക്കായി വാദിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറ കൂടുതൽ കണക്കുകൾ നിരത്തി കേന്ദ്രത്തിന്‍റെ വാദം തെറ്റാണെന്ന് സ്ഥാപിച്ചു. ഇ.പി.എഫ് സഞ്ചിതനിധി 1995-96 വർഷത്തിലെ 8,004 കോടി രൂപയിൽനിന്ന് 2017 -18ൽ 3,93,000 കോടി രൂപയായി വളർന്നത് അറോറ ചൂണ്ടിക്കാട്ടി. വർധിച്ചുകൊണ്ടേയിരിക്കുന്ന സഞ്ചിതനിധിയിൽ ഇ.പി.എഫ്.ഒ തൊടുന്നില്ല. പെൻഷൻ ഫണ്ട് പലിശയുണ്ടാക്കിക്കൊണ്ടിരിക്കുന്നു. സഞ്ചിത നിധിയുടെ പലിശയിൽനിന്ന് കിട്ടുന്ന പണം മാത്രമേ പെൻഷന് ഉപയോഗിക്കുന്നുള്ളൂ. ജീവനക്കാരിൽനിന്ന് സമാഹരിച്ച വലിയ തുകക്ക് 2017-18 വർഷംവരെ 9.5 ശതമാനം പലിശ കിട്ടുന്നുണ്ട്. അതിനാൽ തങ്ങൾക്ക് വലിയ നഷ്ടം വരുത്തുമെന്ന കേന്ദ്രസർക്കാർ വാദം മുഖവിലക്കെടുക്കരുത് -അറോറ വാദിച്ചു.

ഇ.പി.എഫിൽ ഒരാൾ അടക്കുന്ന തുക പൂർണമായും അയാൾക്ക് തിരിച്ചുകിട്ടുന്നില്ല. പലിശയടക്കം 2.62 ലക്ഷം രൂപ പ്രോവിഡന്റ് ഫണ്ടിലുള്ള ഒരു ജീവനക്കാരന് 2312 രൂപയാണ് മാസാന്ത്യ പെൻഷനായി കിട്ടുക. എന്നാൽ, 2.62 ലക്ഷം രൂപ മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാൽ 8.5 ശതമാനം വരെ പലിശ ലഭിക്കില്ലേയെന്നും അവർ ചോദിച്ചു. കേന്ദ്രസർക്കാറിനോട് പി.എഫ് പെൻഷന്‍റെ കണക്ക് ചോദിച്ചത് ഏറെ നിർണായകമാണെന്ന് മീനാക്ഷി അറോറ പറഞ്ഞു. മൂന്നുദിവസംമുമ്പ് കണക്ക് വെക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടും ഇ.പി.എഫ്.ഒ അത് ചെയ്തിട്ടില്ല.

ജീവനക്കാരുടെ അഭിഭാഷകർ പറയുന്നത് അർധസത്യങ്ങളാണെന്ന് എ.എസ്.ജി വിക്രംജിത് ബാനർജി ബോധിപ്പിച്ചപ്പോൾ ചൊവ്വാഴ്ച സമർപ്പിക്കാൻ ആവശ്യപ്പെട്ട കണക്ക് വ്യക്തമാക്കുന്ന രേഖകൾ ഇനിയും ഹാജരാക്കിയിട്ടില്ലെന്ന് കോടതി ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച വാദത്തിനുള്ള ധനകാര്യരേഖകൾ സമർപ്പിക്കണം. അവ സമർപ്പിച്ചാൽ വാദമുഖങ്ങൾ പരിഗണിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വാദം പൂർത്തിയാകാത്തതിനാൽ അടുത്ത ബുധനാഴ്ച കേസിൽ വാദം തുടരുമെന്ന് ജസ്റ്റിസ് യു.യു. ലളിത് വ്യക്തമാക്കി. പെൻഷൻകാരുടെ എണ്ണം കൂടുമെന്നതിനാൽ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നവർക്ക് ഭാവി മുന്നിൽ കാണേണ്ടിവരുമെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി.

Tags:    
News Summary - PF Pension: Supreme Court to present full account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.