ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ) പശ്ചാത്തലത്തിൽ ഷാഹീൻ ബാഗിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പി.എഫ്.ഐ) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) പ്രവർത്തിച്ചിരുന്നെന്ന് ഡൽഹി പൊലീസ് ഹൈകോടതിയെ അറിയിച്ചു. സമരം നടത്തിയത് ഒരു സ്വതന്ത്ര പ്രസ്ഥാനമായിരുന്നില്ല, അത് സ്വാഭാവികമായി ഉണ്ടായ പ്രതിഷേധവും ആയിരുന്നില്ല. വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ നാട്ടുകാർ പിന്തുണച്ചിരുന്നില്ല. ചില വ്യക്തികളാണ് സമര സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
2020 ഫെബ്രുവരിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ മുൻ ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഷാഹീൻ ബാഗ് സമരം ഒരു സ്വാഭാവിക പ്രതിഷേധമായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, അതല്ലായിരുന്നു. പെട്ടെന്ന് ആളുകൾ വന്ന സാഹചര്യമായിരുന്നില്ല അതെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ്, ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, രജനിഷ് ഭട്നാഗർ എന്നിവരുടെ ബെഞ്ചിനോട് പൊലീസ് പറഞ്ഞു.
ഷാഹീൻ ബാഗിന് പിന്നിൽ പല സംഘടനകളുടെയും വ്യക്തികളുടെയും ഒരു സഖ്യമുണ്ട്. സമരത്തിന് പിന്നിൽ ഷാഹിൻ ബാഗിലെ മുത്തശ്ശിമാർ ആയിരുന്നില്ല. ഷാഹീൻ ബാഗ് സമരം ഒരു സ്വതന്ത്ര പ്രസ്ഥാനമായിരുന്നില്ല. ചില വ്യക്തികൾ അത്തരം സ്ഥലങ്ങളിൽ ജനക്കൂട്ടത്തെ അണിനിരത്തി അവർക്ക് പിന്തുണ നൽകി. മുസ്‍ലിംകളിൽ ഭയം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം.
2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ സൂത്രധാരന്മാർ എന്നാരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം (യു.എ.പി.എ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെ.എൻ.യു വിദ്യാർഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ജാമിയ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗർ, മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങി നിരവധി പേർക്കെതിരെയും കർശന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ.ആർ.സി) എതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ആദ്യം 2019ലും പിന്നീട് 2020 ഫെബ്രുവരിയിലും രണ്ട് ഘട്ടങ്ങളിലായാണ് കലാപങ്ങൾ നടന്നതെന്നും റോഡ് ഉപരോധം, പൊലീസ് ഉദ്യോഗസ്ഥർക്കും അർധസൈനിക സേനക്കുമെതിരായ ആക്രമണം എന്നിവ കൂടാതെ കലാപത്തിനിടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും പൊലീസ് വാദിക്കുന്നു. ആഗസ്റ്റ് 25ന് കേസിൽ കൂടുതൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.