ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശിൽ ഹിജാബ് വിവാദത്തിന് തുടക്കമിട്ട് ബി.ജെ.പി. ദമോഹിലെ മുസ്‍ലിം മാനേജ്മെന്റിന് കീഴിലുള്ള ഗംഗ യമുന എച്ച്.എസ് സ്കൂളിലെ അമുസ്‍ലിം വിദ്യാർഥിനികളുടെ ഹിജാബണിഞ്ഞുള്ള ചിത്രങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്.
12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണ് അതിൽ ലക്ഷ്മി പട്ടേൽ, പലക് ജെയിൻ, രുപാലി സാഹു, വ്രന്ദ ചൗരസ്യ എന്നീ കുട്ടികളുടെ ഹിജാബണിഞ്ഞുള്ള ചിത്രങ്ങളും ഇടംപിടിച്ചത്. അമുസ്‍ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കാൻ മാനേജ്മെന്റ് നിർബന്ധിക്കുന്നെന്നും മതപരിവർത്തനത്തിന് ശ്രമിക്കുന്നെന്നുമുള്ള ആരോപണവുമായി ബി.ജെ.പി അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ ദമോഹ് ജില്ല മജിസ്ട്രേറ്റ് മായങ്ക് അഗർവാൾ ജില്ല വിദ്യാഭ്യാസ ഓഫിസർ എസ്.കെ മിശ്രയോടും പൊലീസിനോടും വിശദീകരണം തേടി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ സ്കൂളിന് ക്ലീൻ ചിറ്റ് നൽകി.
ഇതോടെ പ്രകോപിതരായ ബി.ജെ.പി പ്രാദേശിക നേതാക്കളായ അമിത് ബജാജ്, സന്ദീപ് ശർമ, മോണ്ടി റെയ്ക്‍വാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ‘ജയ് ശ്രീറാം’ വിളിച്ച് ഡി.ഇ.ഒ മിശ്രക്ക് നേരെ മഷിയെറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ജില്ല ഭരണകൂടത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാക്കൾ സ്കൂളിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും മൂന്ന് അധ്യാപികമാർ ഇസ്‍ലം മതം സ്വീകരിച്ചിട്ടുണ്ടെന്നും ആരോപിച്ചു. എന്നാൽ, തങ്ങൾ സ്കൂളിൽ വന്ന ശേഷം മതം മാറിയതല്ലെന്നും വിവാഹ ശേഷം മാറിയതാണെന്നും അധ്യാപികമാർ വിശദീകരിച്ചു.
ഇതിനിടെ, സ്കൂളിന്റെ അംഗീകാരം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് താൽക്കാലികമായി റദ്ദാക്കി. കലക്ടർ ക്ലീൻചിറ്റ് നൽകിയ നടപടി വിദ്യാഭ്യാസ ബോർഡിന്റെ നടപടിയേക്കാൾ മുകളിലല്ലെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പാർമർ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പൊലീസിന് നിർദേശം നൽകി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെ സംഭവത്തിൽ ഇടപെടുകയും സ്കൂളുമായി ബന്ധപ്പെട്ട് മതപരിവർത്തനം, ഭൂമി കൈയേറ്റം, ജി.എസ്.ടി വെട്ടിപ്പ് എന്നിവയിൽ അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ ഉടമ മുഷ്താഖ് ഖാൻ രംഗത്തെത്തി. ഹിജാബ് സ്കൂൾ യൂനിഫോമിന്റെ ഭാഗമാണെന്നും എന്നാൽ, അത് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.