പട്ന: ജന്മദിനാഘോഷ ചിത്രങ്ങൾ പകർത്തുന്നതിനിടെ ക്യാമറയിൽ ചാർജ് തീർന്നതിനെ തുടർന്ന് ഫൊട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. ബിഹാറിലെ ദർഭംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. സുശീൽ സാഹ്നി എന്ന ഫൊട്ടോഗ്രാഫറാണ് ദാരുണമായി കൊല്ലപ്പെട്ടത്.
രാകേഷ് സാഹ്‌നി എന്നയാൾ തന്‍റെ മകളുടെ ജന്മദിനാഘോഷത്തിലേക്ക് ഫോട്ടോയെടുക്കാൻ സുശീലിനെ ഏൽപ്പിച്ചതായിരുന്നു. ആഘോഷങ്ങൾക്കിടെ സുശീൽ എടുക്കുന്ന ചിത്രങ്ങൾ വേണ്ടത്ര ഭംഗിയില്ലെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ ക്യാമറയിലെ ബാറ്റററിയുടെ ചാർജ് തീർന്നു. ചാർജ് ചെയ്യാൻ സുശീൽ വീട്ടിലേക്ക് പോയത് കുടുംബത്തെ പ്രകോപിപ്പിച്ചു.
തുടർന്ന്, ചാർജ് ചെയ്ത ശേഷം തിരിച്ചുവരാൻ സുശീലിനോട് അവശ്യപ്പെട്ടു. തിരിച്ചെത്തിയ ഉടൻ രാകേഷും കുടുംബവും ആക്രമണം നടത്തുകയായിരുന്നു. സുശീലിന് മുഖത്താണ് വെടിയേറ്റത്. തുടർന്ന് മൃതദേഹം സമീപത്തെ ആശുപത്രി ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാകേഷും കുടുംബവും ഒളിവിലാണ്. അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.