ന്യൂഡൽഹി: ഡോക്ടർമാരെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ കൊണ്ടുവന്ന 1995ലെ വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. മൂന്നംഗ ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവർ അഭിപ്രായപ്പെട്ടു.
ഡോക്ടർമാരുടെ തൊഴിൽ മേഖല കച്ചവടത്തിനോ വ്യാപാരത്തിനോ തുല്യമല്ലെന്നും പ്രഫഷനലുകൾ നൽകുന്ന സേവനത്തെ ബിസിനസുകാരും വ്യാപാരികളും നൽകുന്ന സേവനത്തിന് തുല്യമായി പരിഗണിക്കാൻ പാടില്ലെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്ന് ബെഞ്ച് പറഞ്ഞു. വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു. 1995ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) വി.പി. ശാന്തയും തമ്മിലുള്ള കേസിലാണ് മെഡിക്കൽ പ്രഫഷനെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ന്യൂഡൽഹി: അഭിഭാഷകർ ഉപഭോക്തൃ സംരക്ഷണ നിയമപരിധിയിൽ വരില്ലെന്നും മോശം സേവനത്തിന് അഭിഭാഷകർക്കെതിരെ ഉപഭോക്തൃ ഫോറത്തെ സമീപിക്കാനാവില്ലെന്നും സുപ്രീംകോടതി. അഭിഭാഷകവൃത്തി അതുല്യമാണെന്നും മറ്റ് തൊഴിലുകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വ്യക്തിഗത സേവനത്തിനാണ് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള കരാറെന്നും അത് ഉപഭോക്തൃ നിയമപ്രകാരമുള്ള സേവനത്തിന്റെ നിർവചനപരിധിയിൽനിന്ന് പുറത്താണെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകരും അവരുടെ സേവനവും 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുമെന്ന 2007ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ, ഡൽഹി ഹൈകോടതി ബാർ അസോസിയേഷൻ, ബാർ ഓഫ് ഇന്ത്യൻ ലോയേഴ്സ് തുടങ്ങിയവർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.