റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് തബ്രിസ് അൻസാരി എന്ന മുസ്ലിം യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പാലിക്കണമെന്നാവശ്യപ്പെട്ട് ഝാർഖണ്ഡ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. മുൻ ഐ. എ.എസ് ഉദ്യോഗസ്ഥൻ ഹർഷ് മന്ദറാണ് പൊതുതാൽപര്യ ഹരജി ഫയൽചെയ്തിരിക്കുന്നത്. 2018ൽ പൊതുപ്രവർത്തകനായ തെഹ്സീൻ പൂനാവാല നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആൾക്കൂട്ടകൊലപാതകങ്ങൾക്കും മർദനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാറുകൾ കർശന നിയമനടപടിയെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്നാണ് ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ ഹർഷ് മന്ദർ ആവശ്യപ്പെടുന്നത്.
ഗോരക്ഷയുടെ പേരിലും അല്ലാതെയുമു ള്ള ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അതിക്രമങ്ങള്‍ നടക് കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ ചുമതലയാണെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് പുറത്തുവന്ന ശേഷവും മിക്ക സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഹരജിയിൽ ഹർഷ് മന്ദർ ചൂണ്ടികാണിക്കുന്നു. ഇൗ കാലയളവിൽ ഝാർഖണ്ഡിലാണ് കൂടുതൽ ആൾക്കൂട്ട അതിക്രമങ്ങൾ റിപ്പോർട്ട് െചയ്തത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആൾക്കൂട്ട ആക്രമണങ്ങളിൽ ഝാർഖണ്ഡിൽ മാത്രം 18 പേർ കൊല്ലപ്പെട്ടതായും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കുന്നു.
ജൂൺ 17നാണ് മോഷണക്കുറ്റമാരോപിച്ച് തബ്രിസ് അൻസാരിയെ എന്ന യുവാവിനെ ആൾക്കൂട്ടം മണിക്കൂറുകളോളം മർദിച്ചത്. ജൂൺ 22ന് തബ്രിസ് കസ്റ്റഡിയിൽ വെച്ച് മരിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ഗുൽമയിൽ ഏപ്രിൽ ഒന്നിന് പ്രകാശ് ലക്ര എന്നയാളെയും ആൾക്കൂട്ടം മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു. പശുവിെൻറ തോലെടുത്തെന്ന് ആരോപിച്ചായിരുന്നു മർദനം. 2019 ലെ ആദ്യ ആൾക്കൂട്ട മർദന കേസുകളാണിത്.
വിമർശനവുമായി യു.എസ് കമീഷൻ
വാഷിങ്ടൺ: ഝാർഖണ്ഡിൽ മുസ്ലിം യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തിനു പുറത്തും വിമർശനമുയരുന്നു. യു.എസിലെ മതസ്വാതന്ത്ര്യത്തിനായുള്ള ‘കമീഷൻ ഫോർ ഇൻറർനാഷനൽ റിലീജ്യസ് ഫ്രീഡം’ , ഇത്തരത്തിലുള്ള അക്രമവും മർദനവും തടയാൻ ഉറച്ച നടപടി എടുക്കണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
മൃഗീയമായ കൊലയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഭരണകൂടത്തിെൻറ ഉത്തരവാദിത്തമില്ലായ്മ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും കമീഷൻ അധ്യക്ഷൻ ടോണി പെർകിൻസ് പറഞ്ഞു. 2018ൽ കമീഷൻ പുറത്തുവിട്ട പ്രത്യേക റിപ്പോർട്ടിലും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഝാർഖണ്ഡിലെ ഗ്രാമത്തിൽ തബ്രീസ് അൻസാരിയെന്ന 24കാരനെ കഴിഞ്ഞ ആഴ്ചയാണ് മോഷണക്കുറ്റമാരോപിച്ച് ഹിന്ദുത്വവാദികൾ കെട്ടിയിട്ട് മർദിക്കുകയും ‘ജയ് ശ്രീരാം, ജയ് ഹനുമാൻ’ വിളിപ്പിക്കുകയും ചെയ്തത്. അവശനായ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുദിവസം കഴിഞ്ഞ് മരണമടഞ്ഞു.
തബ്രീസിെൻറ വിധവക്ക് അഞ്ചുലക്ഷവും ജോലിയും വാഗ്ദാനം ചെയ്ത് വഖഫ് ബോർഡ്
ന്യൂഡൽഹി: ഝാർഖണ്ഡിൽ ഹിന്ദുത്വതീവ്രവാദികൾ മർദിച്ച് കൊലപ്പെടുത്തിയ 24കാരനായ തബ്രീസ് അൻസാരിയുടെ വിധവക്ക് ജോലിയും അഞ്ചുലക്ഷം രൂപ ധനസഹായവും നൽകുമെന്ന് ഡൽഹി വഖഫ് ബോർഡ്. ബോർഡ് അധ്യക്ഷനും ആപ് എം.എൽ.എയുമായ അമാനത്തുല്ല ഖാൻ ആണ് സഹായ വാഗ്ദാനം ചെയ്തത്. വഖഫ് ബോർഡിൽ തന്നെയായിരിക്കും ജോലി നൽകുക. കേസ് കാര്യങ്ങൾക്കായി നിയമസഹായവും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.