ബംഗളൂരു: വ്യോമസേനയുടെ യുദ്ധവിമാനമായ ‘മിറാഷ് 2000’ തകർന്ന് രണ്ടു മുതിർന്ന വ്യോമസേന പൈലറ്റുമാർ മരിച്ചു. വിമാനം നവീകരിച്ചശേഷമുള്ള പരിശീലന പറക്കലിനായി വെള്ളിയാഴ്ച രാവിലെ 10.30ഒാടെ ബംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വിമാനത്താവളത്തിലെ റൺവേയിൽനിന്നും പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. വ്യോമസേനയുടെ വിമാന പരിശോധനാ വിഭാഗമായ ബംഗളൂരുവിലെ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെൻറിെല സ്ക്വാഡ്രൻ ലീഡർമാരായ ഡെറാഡൂൺ സ്വദേശി സിദ്ധാർഥ നേഗി (31), ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി സമീർ അബ്രോൾ (33) എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് രക്ഷപ്പെടാനുള്ള ഇജക്ട് സംവിധാനം ഉപയോഗിച്ച് പൈലറ്റുമാർ പുറത്തേക്ക് ചാടിയെങ്കിലും പാരച്യൂട്ടിനും തീപിടിക്കുകയായിരുന്നു. വിമാന അവശിഷ്ടങ്ങളിലേക്കുവീണ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വ്യോമസേന കമാൻഡ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമാനം തകർന്നതിെൻറ കാരണം വ്യക്തമല്ല. വ്യോമസേനയുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എച്ച്.എ.എൽ വാർത്താകുറിപ്പിൽ അറിയിച്ചു. ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ കണ്ടെടുത്തിട്ടുണ്ട്.
നേഗി 2009ലും അബ്രോൾ 2008ലുമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. 3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയമുള്ള മുതിർന്ന പരിശോധന പൈലറ്റുമാരാണ് ഇരുവരും. നാലാം തലമുറയിൽപ്പെട്ട യുദ്ധവിമാനമായ മിറാഷ് 2000െൻറ നിർമാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസ്സോയാണ്. 2015ലാണ് എച്ച്.എ.എൽ മിറാഷ് 2000 വിമാനങ്ങളുടെ നവീകരണം ഏറ്റെടുക്കുന്നത്. വ്യോമസേന പൈലറ്റുമാർക്കുള്ള പരിശീലനത്തിന് മാത്രമാണ് ഈ വിമാനം ഉപയോഗിക്കുന്നത്.
1985 മുതലാണ് ‘മിറാഷ് 2000’ ഉപയോഗിച്ചുവരുന്നത്. നിലവിൽ 50 മിറാഷ് യുദ്ധ വിമാനങ്ങളാണ് വ്യോമസേനയിലുള്ളത്. ഇവയുടെയും നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. തിരക്കേറിയ ഒാൾഡ് എയർപോർട്ട് റോഡിന് സമീപം എയർപോർട്ടിെൻറ കിഴക്കുഭാഗത്തെ മതിലിനടുത്താണ് വിമാനം തകർന്നുവീണത്. ഇതിന് സമീപം നിരവധി ഐ.ടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.