സൈറസ് മിസ്ത്രി മരിച്ച സ്ഥലം സ്ഥിരം അപകട മേഖല; അപായ മുന്നറിയിപ്പ് ബോർഡില്ല, തെരുവ് വിളക്കുകൾ പ്രവർത്തന രഹിതം

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ ജീവൻ കവർന്ന വാഹനാപകടം നടന്ന സ്ഥലം സ്ഥിരം അപകടം നടക്കുന്ന മേഖലയെന്ന് പൊലീസ്. ഇവിടെ നടന്ന അപകടങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിരം അപകട മേഖലയായിട്ടും ഇവിടെ അപായ മുന്നറിയിപ്പ് ബോർഡുകളും ഇല്ലായിരുന്നു. തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിനാൽ രാത്രി യാത്ര കൂടുതൽ ദുഃസ്സഹമായിരിക്കും.

ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോഴാണ് മിസ്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ചറോട്ടി​ ടോൾ പ്ലാസയിൽ നിന്ന് ഒരു കി.മി അകലെ സൂര്യ നദിക്ക് കുറുകെയുള്ള മേൽപാലത്തിലാണ് അപകടമുണ്ടായത്. മൂന്നുവരിപ്പാത ലയിച്ച് രണ്ടായി ചേരുന്നിടത്താണ് അപകടം നടന്നത്.

സ്ഥിരം അപകട കേന്ദ്രമായ ഇവിടെ നിരവധി പേരാണ് അപകടത്തിൽ പെട്ട് മരിക്കുകയോ കൈ-കാലുകൾ നഷ്ടമാവുകയോ ചെയ്തത്. ചില വാഹന യാത്രക്കാർ ബാലൻസ് നഷ്ടപ്പെട്ട് മേൽപാലത്തിൽ നിന്ന് നദിയിലേക്ക് തെന്നിവീഴാറുമുണ്ട്. ഗുജറാത്തിൽ നിന്ന് വരുന്ന മൂന്ന് പാതകൾ മേൽപ്പാലത്തിൽ രണ്ട് വരികളായി ചുരുങ്ങുമ്പോഴാണ് ഇങ്ങനെ അപകടം സംഭവിക്കുന്നത്.

മേൽപാലത്തിന് തൊട്ടുമുമ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്ന ഒരു ട്രക്കോ കാറോ ഇടത് വശത്തേക്ക് തിരിയുകയും അത് ഡിവൈഡറിൽ ഇടിക്കുകയും മാരകമായ റോഡപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു-ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അപകട സ്ഥലത്തിന് സമീപം സി.സി.ടി.വി കാമറ ഇല്ല. ചില വാഹനങ്ങൾ സൈറസ് മിസ്ത്രിയുടെ കാറിനെ മറികടക്കാൻ ശ്രമിച്ചിട്ടുണ്ടാകാമെന്നും പൊലീസുകാർ സംശയിക്കുന്നുണ്ട്. അതല്ലെങ്കിൽ രണ്ടുവരി പാതയിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർക്ക് ബാലൻസ് നഷ്ടപ്പെട്ടിരിക്കാമെന്നും നിഗമനമുണ്ട്. മേൽപാലത്തിലെ ഡിവൈഡറിൽ ഇടിച്ചതിനാൽ മെഴ്‌സിഡസ് കാറിന്റെ ഇടതുഭാഗം പൂർണമായും തകർന്നു. കാറിലെ എയർബാഗുകൾ വികസിച്ചു.

എന്നാൽ പിൻസീറ്റിലെ യാത്രക്കാർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ മേഖലയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മനോറിനും ഗുജറാത്തിലെ അച്ചാഡിനും ഇടയിലുള്ള 52കി.മി ഹൈവേ. ഇവിടെ കഴിഞ്ഞ 18 മാസത്തിനിടെ 100 അപകടങ്ങളിലായി 106 പേർ മരിക്കുകയും 49 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Place where cyrus mistry’s car crashed is an accident blackspot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.