മതപരിവർത്തനം തടയണമെന്ന് ബി.ജെ.പി നേതാവ്; വാട്സ്ആപിലുള്ളതുമായി വന്നിട്ട് കാര്യമില്ലെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡൽഹി ഹൈകോടതിയിൽ. വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും കാണുന്നതെല്ലാമായി വന്നിട്ടു കാര്യമില്ലെന്ന് കോടതി. കൺകെട്ടുവിദ്യയും അത്ഭുത പ്രവൃത്തിയും മറയാക്കിയും നിർബന്ധിച്ചും മതംമാറ്റുന്നത് തടയാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് ഹൈകോടതിയെ സമീപിച്ചത്.

ഉപോൽബലകമായ ആധികാരിക വിവരങ്ങളില്ലാതെ ഹരജിയിൽ ഇടപെടാൻ ജസ്റ്റിസുമാരായ സഞ്ജീവ് സച്ദേവ, തുഷാർ റാവു ഗഡേല എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിസമ്മതിച്ചു. 'വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വന്ന വിവരങ്ങൾവെച്ചാണ് ഹരജി. സോഷ്യൽ മീഡിയയിലെ വിവരങ്ങളെല്ലാം ആധികാരികമല്ല. നേരും നുണയും ഒരുപോലെ അവിടെ വിതരണം ചെയ്യുന്നുണ്ട്. മതംമാറ്റത്തിന്റെ കാര്യമെടുത്താൽ, അത് നിരോധിച്ചിട്ടൊന്നുമില്ല. ഏതു മതം തിരഞ്ഞെടുക്കാനും അതിൽ വിശ്വസിക്കാനും വ്യക്തിക്ക് ഭരണഘടനാപരമായി അവകാശമുണ്ട്.

ഓരോ മതത്തിനും ഓരോ വിശ്വാസമുണ്ട്. നിർബന്ധിച്ചാണ് മതം മാറ്റുന്നതെങ്കിൽ, അത് വേറെ വിഷയം. പക്ഷേ, മതം മാറുന്നത് വ്യക്തിയുടെ ഇഷ്ടമാണ്' -കോടതി പറഞ്ഞു.

അതുകൊണ്ട് പൊതുതാൽപര്യമെന്ന നിലയിൽ നൽകിയിരിക്കുന്ന ഹരജി പരിഗണിക്കണമെങ്കിൽ, അതിനുതക്ക തെളിവ് കോടതിക്ക് നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി. കേട്ടുകേൾവിയുമായി കോടതിയെ സമീപിക്കരുത്. എവിടെയാണ് സ്ഥിതിവിവരക്കണക്കുകൾ? ഒന്നുകിൽ ഹരജി ഭേദഗതി ചെയ്യണം. രേഖകളുമായി വന്നാൽ വേനലവധി കഴിഞ്ഞ് പരിഗണിക്കാം. ഹരജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നായി ബി.ജെ.പി നേതാവിന്റെ അഭിഭാഷകൻ.

നിങ്ങൾക്ക് നേരിട്ട് കിട്ടാത്തത് മറ്റൊരു വഴിക്ക് നൽകാനാവില്ലെന്ന് കോടതി ഓർമിപ്പിച്ചു. അക്കാര്യമൊക്കെ വിശദമായി പരിശോധന വേണ്ട കാര്യങ്ങളാണ്. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച ഹരജി സുപ്രധാന വിഷയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാറിനെ പ്രതിനിധാനംചെയ്യുന്ന അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അഭിപ്രായപ്പെട്ടു.

കോടതിക്ക് ഒരു നിലപാട് എടുക്കാൻ പാകത്തിൽ കൂടുതൽ വിവരങ്ങൾ സമാഹരിച്ച് ഹരജി ശക്തമാക്കാൻ ഉപാധ്യായക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താൽപര്യമുണ്ടെങ്കിൽ സർക്കാറിന് നടപടിയെടുക്കാം എന്ന പരാമർശത്തോടെ കോടതി കേസ് മാറ്റിവെച്ചു.

Tags:    
News Summary - Plea alleging forced religious conversion cannot be based on information from WhatsApp: Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.