ഇ.വി.എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി

ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. അരുൺ കുമാർ അഗർവാൾ എന്നയാളാണ് റിവ്യൂ ഹരജി നൽകിയിരിക്കുന്നത്.

ഏപ്രിൽ 26ന് സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് പുനഃപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയെ ഊഹാപോഹത്തിന്‍റെ പേരിൽ സംശയ നിഴലിൽ നിർത്തുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അന്ന് സുപ്രീംകോടതി വിധി പറഞ്ഞിരുന്നത്.

വോട്ടുയന്ത്രത്തിന്‍റെ ഉപയോഗം സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ല. പോൾ ചെയ്ത വോട്ടു മുഴുവൻ വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കുക എന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാനും സാധിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സാങ്കേതിക വിദ്യയുടെ പുരോഗതിക്കിടയിൽ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം യുക്തിസഹമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു നടത്തിപ്പിന്‍റെ വലിയ വെല്ലുവിളികൾക്കിടയിൽ വിവിപാറ്റ് സ്ലിപ് മുഴുവൻ ഒത്തുനോക്കുകയെന്ന അധികഭാരം തെരഞ്ഞെടുപ്പു കമീഷന്‍റെ തലയിൽ വെച്ചുകെട്ടാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - Plea in Supreme Court seeks review of EVM VVPAT verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.