ന്യൂഡൽഹി: 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം പൂർണമായും ഭരണഘടന വിരുദ്ധമായിരുന്നെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 94കാരിയായ സ്ത്രീ സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിെൻറ പ്രതികരണം തേടി സുപ്രീംകോടതി.
അടിയന്തരാവസ്ഥയുടെ ഇരയായ വീര സരിൻ എന്ന വയോധികക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരായി. ഹരജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എസ്.കെ. കൗളിെൻറ ബെഞ്ച്, 45 വർഷങ്ങൾക്കുശേഷം അടിയന്തരാവസ്ഥയുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിെൻറ സാധ്യതയും ഒൗചിത്യവും പരിഗണിക്കുമെന്നും വ്യക്തമാക്കി.
സംഭവിക്കാൻ പാടില്ലാതിരുന്ന കാര്യമാണ് അടിയന്തരാവസ്ഥ. എന്നാൽ, ഇത്രയും വർഷം കഴിഞ്ഞുള്ള വിലയിരുത്തൽ എന്ത് ആശ്വാസമാണ് നൽകുക എന്ന് കോടതി ചോദിച്ചു. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അധികൃതർ 25 കോടി നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഡൽഹിയിൽ ഭർത്താവുമൊന്നിച്ച് ബിസിനസ് നടത്തുകയായിരുന്നു ഇവർ. ജയിൽവാസമൊഴിവാക്കാൻ അന്ന് രാജ്യംവിടേണ്ടിവന്നു. ഭർത്താവ് പിന്നീട് മരിച്ചു.
അദ്ദേഹത്തിനെതിരെ അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയ നിയമനടപടികൾ പിന്നീട് തനിക്ക് നേരിടേണ്ടി വന്നു. അന്ന് പിടിച്ചെടുത്ത ആഭരണങ്ങളും പെയിൻറിങ്ങുകളും ശിൽപങ്ങളുമൊന്നും ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ലെന്നും അവർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.