ന്യൂഡൽഹി: അശോക് ഗെഹ്ലോട്ടിന്‍റെ പിൻഗാമി ആരാകുമെന്ന ചോദ്യം രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവ്.
ഗെഹ്ലോട്ടിനും സച്ചിൻ പൈലറ്റിനുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ദയവായി ആദ്യം ഇവരെ ഒന്നിപ്പിക്കണമെന്ന് ഭൂപേന്ദർ യാദവ് ട്വീറ്റ് ചെയ്തു. രാജ്യത്തെ ഒന്നിപ്പിക്കാനെന്ന പേരിൽ ഭാരത് ജോഡോ യാത്ര നടത്തുന്നതിന് മുമ്പ് പാർട്ടിക്കകത്ത് നിലനിൽക്കുന്ന ആഭ്യന്തര കലാപം പരിഹരിക്കുന്നതിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബി.ജെ.പി വിമർശിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ തെരഞ്ഞെടുക്കാനുള്ള നിയമസഭ കക്ഷി യോഗത്തിന് മുന്നോടിയായി വലിയ രാഷ്ട്രീയ അനിശ്ചിതത്വമാണ് കോൺഗ്രസിൽ ഞായറാഴ്ച രൂപം കൊണ്ടത്. അശോക് ഗെഹ്ലോട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷനാകുന്നതോടെ രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ നിയമിക്കാനുള്ള ഹൈക്കമാന്‍റ് തീരുമാനത്തിന് വിരുദ്ധമായി ഗെഹ്ലോട്ട് പക്ഷത്തുള്ള 90-ഓളം എം.എൽ.എമാർ രാജിക്കത്ത് നൽകിയതായാണ് വിവരം.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ ഗെഹ്ലോട്ട് ആദ്യം തയാറായിരുന്നില്ല. നിയമസഭാ സ്പീക്കർ സി. പി ജോഷി മുഖ്യമന്ത്രിയാകണമെന്നാണ് ഗെഹ്ലോട്ട് ആഗ്രഹിക്കുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.