ന്യൂഡൽഹി: അമേരിക്കയിൽ സിഖ് വിഘടനവാദി ഗുർ പട് വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തകർത്തുവെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കുള്ളതായ ആശങ്കയെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയതായും ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ, കാനഡ പൗരത്വമുള്ള പന്നു നിരവധി തീവ്രവാദ കുറ്റങ്ങളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന വിഘടനവാദിയാണ്. സുരക്ഷ സഹകരണ ഉഭയകക്ഷി ചർച്ചക്കിടെ സംഘടിത കുറ്റവാളികളും തീവ്രവാദികളും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് അമേരിക്ക ചില വിവരങ്ങൾ കൈമാറിയിരുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നവംബർ 18ന് ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചത്. സമിതിയുടെ കണ്ടെത്തലിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടാവാൻ സാധ്യതയുള്ളതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.