ജയ്പൂർ: രാജ്യം കോവിഡിനെതിരെ പോരാടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനാധിപത്യം തകർത്തതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ആരോപണങ്ങളുയർത്തി രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
‘ഈ സമയം നമുക്ക് തീരുമാനിക്കാൻ കഴിയും ആരാണ് വേദന സമ്മാനിക്കുന്നതെന്നും ആരാണ് മരുന്ന് നൽകുന്നതെന്നും’ ഗെഹ്ലോട്ട് കൂട്ടിേച്ചർത്തു. ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ്, മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർക്കൊപ്പം ജയ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവൻ കോവിഡിനെതിരെയുള്ള പോരാട്ടത്തിലായിരുന്നപ്പോൾ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിലായിരുന്നു ബി.ജെ.പി. രാജസ്ഥാനിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജൂൺ 19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ബി.ജെ.പിയും പടയൊരുക്കത്തിലാണ്. രാജ്യസഭയിലെ രണ്ടു സീറ്റുകളിൽ വിജയിക്കാൻ ആവശ്യമായ അംഗങ്ങൾ തങ്ങൾക്കുണ്ടെന്നും ആരും പാർട്ടി വിടില്ലെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.
200 അംഗ നിയമസഭയിൽ കോൺഗ്രസിന് മാത്രം 107 എം.എൽ.എമാരാണുള്ളത്. ബി.ജെ.പിക്ക് 72ഉം.
രാജ്യസഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാരെ പാർട്ടി ജയ്പുരിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഗുജറാത്തിലും മധ്യപ്രദേശിലും സംഭവിച്ചതുപോലെ കോൺഗ്രസ് എം.എൽ.എമാരെ മറുകണ്ടം ചാടിക്കുന്നതിന് ബി.ജെ.പി ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണിത്.
ഗുജറാത്തിൽ മൂന്നു കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ ദിവസങ്ങളിലായി പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ ഒരു സംഘം എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് കൂറുമാറുകയും കമൽനാഥ് സർക്കാർ നിലം പതിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായ അട്ടിമറിയാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. എം.എൽ.എമാരെ കൂറുമാറ്റുന്നതിനുവേണ്ടി ബി.ജെ.പി 25 കോടിയാണ് ഓേരാരുത്തർക്കും വാഗ്ദാനം ചെയ്യുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.