ന്യൂഡൽഹി: 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ച 10,990 കോടി രൂപയിൽ 64 ശതമാനം ചെലവഴിക്കാതെ കിടക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കോവിഡിനെതിരായ പോരാട്ടത്തിന് ധനസമാഹരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന പി.എം കെയേഴ്സ് ഫണ്ടിൽ 7014 കോടി രൂപയാണ് കഴിഞ്ഞ മാർച്ചിലെ കണക്ക് പ്രകാരം ഉപയോഗിക്കാതെ കിടക്കുന്നത്. ആദ്യ വർഷം ചെലവിട്ടത് 3976 കോടി രൂപ മാത്രമാണ്.
2020 സാമ്പത്തിക വർഷത്തിൽ 3,077 കോടി രൂപയായിരുന്നു ഫണ്ടിലുള്ളത്. 2021 സാമ്പത്തിക വർഷത്തിൽ സംഭാവനകളും മറ്റുമായി 7,679 കോടി രൂപ ലഭിച്ചു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ച് വരെ 3,976 കോടി രൂപ മാത്രമാണു കേന്ദ്രം ചെലവാക്കിയത്. 1,392 കോടി രൂപ ഉപയോഗിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്സീൻ വാങ്ങി. 1,311 കോടി രൂപ ഉപയോഗിച്ച് 5000 വെന്റിലേറ്ററുകളും വാങ്ങിനൽകി.
പി.എം കെയർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ നിരവധി വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉപയോഗിക്കാനറിയാത്ത ജീവനക്കാരില്ലാത്തതിനാൽ വെറുതെയിട്ട വെന്‍റിലേറ്ററുകളെ കുറിച്ചും മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഢിൽ നിന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
2020ലെ ലോക്ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച കുടിയേറ്റ തൊഴിലാളികൾക്കായി ഫണ്ടിൽ നിന്ന് 1000 കോടി രൂപ മാത്രമാണു നീക്കിവച്ചത്. രണ്ടാംതരംഗത്തിന് ശേഷം 162 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാനായി 201.58 കോടി ചെലവിട്ടു. സർക്കാർ ആശുപത്രികളിലെ ലാബുകളുടെ നവീകരണത്തിനായി 20 കോടി രൂപയും ചെലവിട്ടു.
പി.എം കെയേഴ്സ് ഫണ്ടിന്‍റെ രഹസ്യസ്വഭാവത്തെ തുടക്കം മുതൽക്കേ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. ലഭിക്കുന്ന സംഭാവനകളും ചെലവഴിക്കുന്ന തുകകളും തികച്ചും സുതാര്യമായിരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉൾപ്പെടെ കക്ഷികൾ ഉയർത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.