ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സൂത്രധാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും പിടിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം അഭിമുഖം നൽകുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കലാണ് പദ്ധതിയിലൂടെ നടന്നത്. മോദിയാണ് ഇതിന്റെ സൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബി.ജെ.പിക്ക് പണം ലഭിക്കുന്നു. ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ പണം കിട്ടിയതിന് പിന്നാലെ സി.ബി.ഐ അന്വേഷണം നിലക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് മോദി വിശദീകരിക്കണം. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഉൾപ്പടെ വലിയ കരാറുകൾ ലഭിച്ച കമ്പനികൾ ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിലൂടെ പണം നൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകളിലെ പേരും തീയതിയുമാണ് പ്രധാനം. വലിയ കരാറുകൾ ലഭിച്ചവർ ഉടൻ തന്നെ ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് പണം നൽകുന്നു. തങ്ങൾ എതിരായ സി.ബി.ഐ അന്വേഷണം റദ്ദാക്കപ്പെട്ടാൽ അവരും ഇത്തരത്തിൽ പണം നൽകുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
വാർത്ത ഏജൻസിയായ എ.എൻ.എയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തോടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇലക്ടറൽ ബോണ്ട് കള്ളപ്പണം ഇല്ലാതാക്കാനാണ് കൊണ്ടു വന്നതെന്ന് അത് റദ്ദാക്കിയതിൽ എല്ലാവരും ഖേദിക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഈ വർഷം ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.