ന്യൂഡൽഹി: ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിമറിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ നിലപാട്, പാക് വിഷയം കൈകാര്യം ചെയ്യൽ, ഇസ്രായേലുമായുള്ള നയതന്ത്രബന്ധം, നിർണായക സമയത്തെ ജി-20 അധ്യക്ഷ സ്ഥാനം തുടങ്ങിയവ ഇന്ത്യയെ കുറിച്ച് ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള 'മോദി രൂപപ്പെടുത്തുന്ന ലോകക്രമം' എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിക്കുകയായിരുന്നു നഡ്ഡ.
മോദിക്ക് മുമ്പുള്ള വർഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരം ശോഷിച്ചുപോയിരുന്നെന്ന് നഡ്ഡ പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടന തകർച്ചയിലായിരുന്നു, അഴിമതി വ്യാപകമായിരുന്നു, സ്ഥിരതയുള്ള സർക്കാർ ഉണ്ടായിരുന്നില്ല. ഇവയെല്ലാം ചേർന്ന് ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയെ മോശമാക്കി.
പ്രതിസന്ധി ഘട്ടത്തിലാണ് മോദി ചുമതലയേറ്റെടുത്തത്. മുൻകാലത്ത് സൗഹൃദരാജ്യങ്ങളിൽ പോലും ഇന്ത്യൻ പ്രധാനമന്ത്രിമാർ സന്ദർശിക്കാറുണ്ടായിരുന്നില്ല. മോദി ആ രീതി മാറ്റി. 60 രാജ്യങ്ങളിലേക്ക് 100ലേറെ സന്ദർശനം നടത്തി. പ്രധാനമന്ത്രിമാർ ഇസ്രായേൽ സന്ദർശിക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമായിരുന്നു. എന്നാൽ അതിനെ മോദി മറികടന്നു. ഇസ്രായേലും ഫലസ്തീനും സന്ദർശിക്കുക വഴി രണ്ട് രാജ്യങ്ങളുമായുള്ള ബന്ധവും ഏറ്റവും നയപരമായി കൈകാര്യം ചെയ്യുകയാണുണ്ടായത്.
അന്താരാഷ്ട്ര വേദികളിൽ മുമ്പ് ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെയായിരുന്നു പരിഗണിച്ചത്. മോദി ഈ സാഹചര്യം മാറ്റി. ഇപ്പോൾ ഇന്ത്യ പാകിസ്താനെക്കാൾ ഏറെ മുന്നിലാണ്. ഭീകരവാദത്തിന്‍റെ പേരിൽ പാകിസ്താൻ ഒറ്റപ്പെട്ടിരിക്കുന്നു.
ലോകനേതാക്കളുമായുള്ള മോദിയുടെ വ്യക്തിബന്ധം പ്രശംസനീയമാണ്. യമനിൽ ജനങ്ങളെ ബന്ധിയാക്കിയ സമയത്ത് മോദി യു.എ.ഇ രാജാവുമായി ബന്ധപ്പെടുകയും അതുവഴി 41 രാജ്യക്കാരായ 960 പേരെ മോചിപ്പിക്കുകയും ചെയ്തു -നഡ്ഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.