ദിസ്പൂർ: പ്രളയക്കെടുതിയിൽ വലയുന്ന അസം സന്ദർശിക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അസമിലെ കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിച്ച് ദുരിതബാധിതർക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതാണ്. എന്നാൽ അദ്ദേഹം മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള തിരക്കിലാണെന്നും ഗൊഗോയ് കുറ്റപ്പെടുത്തി.
അധികാരത്തിന് വേണ്ടി ബി.ജെ.പി കണ്ണടച്ചിരിക്കുകയാണെന്നും അധികാരം മാത്രമാണ് ബി.ജെ.പിയുടെ മുഖ്യ ലക്ഷ്യമെന്നും ഗൊഗോയ് പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി അസമിലെ വെള്ളപ്പൊക്കമാണ്. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണം. ദുരിതബാധിതർക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പക്ഷെ മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ അട്ടിമറിച്ച് അധികാരം നേടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി. മഹാരാഷ്ട്രക്കും ഗുജറാത്ത് തെരഞ്ഞടുപ്പിനുമാണ് പ്രധാനമന്ത്രി ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുവാഹത്തിയിലെ രാഷ്ട്രീയ വാർത്തകൾ കവർ ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾ ദയവായി പ്രളയക്കെടുതിയിൽ വലയുന്ന സിൽച്ചാറിലെയും കരിംഗഞ്ചിലെയും ജനങ്ങളുടെ കഷ്ടപ്പാടുകൾ കൂടി കവർ ചെയ്യണം. അവർക്ക് കുടിക്കാൻ വെള്ളമില്ല, നിരവധി ആളുകളാണ് മരിക്കുന്നത്, ശ്മശാനങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്- ഗൊഗോയ് പറഞ്ഞു.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന 54 ലക്ഷം ജനങ്ങളെ അവഗണിച്ച് മഹാരാഷ്ട്രയിലെ എം.എൽ.എമാർക്ക് രാജകീയ സ്വീകരണം നൽകുന്ന തിരക്കിലാണ് അസം മുഖ്യമന്ത്രിയെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ബുധനാഴ്ച വിമർശിച്ചിരുന്നു. വിമത എം.എൽ.എമാർ താമസിക്കുന്ന ഹോട്ടൽ ബുധനാഴ്ച മുഖ്യമന്ത്രി സന്ദർശിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പ്രളയക്കെടുത്തി നേരിട്ട് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിലും നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.