റാഞ്ചി: ഗോത്രവർഗത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമരസേനാനി ബിർസ മുണ്ടയുടെ ജന്മദിനത്തിൽ റാഞ്ചി പഴയ ജയിലിൽ സ്ഥാപിച്ച മ്യൂസിയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 25 അടി ഉയരമുള്ള ബിർസ മുണ്ടയുടെ പ്രതിമയും ഉദ്യാനവുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
'ധർത്തി ആബ' എന്ന പേരിൽ അറിയപ്പെടുന്ന ബിർസ മുണ്ട അധികകാലം ഉണ്ടായിരുന്നില്ലെങ്കിലും ഭാവി തലമുറകൾക്കായി ചരിത്രം രചിച്ചിട്ടുണ്ടെന്ന് വെർച്ച്വലായി നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോത്ര സമൂഹത്തിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവർക്കെതിരെയാണ് ധർത്തി ആബ പൊരുതിയത്. ഗോത്രവർഗക്കാരുടെ ഉന്നമനത്തിന് വേണ്ടിയാണ് ബിർസ മുണ്ട പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജാർഖണ്ഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അർജുൻ മുണ്ട, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി തുടങ്ങിയവർ സംബന്ധിച്ചു. ജാർഖണ്ഡ് സർക്കാറിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബുദ്ധു ഭഗത്, സിദ്ദു-കൻഹു, നിലംമ്പർ-പിതംമ്പർ, ദിവാ-കിസൻ, തെലങ്ക ഖാദിയ, ഗയ മുണ്ട, ജത്ര ഭഗത്, പോട്ടോ എച്ച്, ഭാഗിരത് മാഞ്ചി, ഗംഗ നാരായൺ സിങ് എന്നിവരെ കൂടി ഓർമ്മിപ്പിക്കുന്നതാണ് മ്യൂസിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.