ന്യൂഡല്‍ഹി: കോവിഡ് വ്യാപന കാലത്ത് ആഗോള വ്യാപകമായി ആയുര്‍വേദ ഉത്പന്നങ്ങളുടെ ആവശ്യം വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്ത് രണ്ട് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ ജനസംഖ്യ ഉള്ള രാജ്യമാണെങ്കിലും കോവിഡ് സ്ഥിതി നിയന്ത്രണത്തിലാണ്. കാരണം എല്ലാ വീടുകളുലുമുള്ള മഞ്ഞള്‍ പാല്‍, അശ്വഗന്ധ സസ്യം തുടങ്ങിയവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയാണ്. മഹാമാരിയുടെ സമയത്ത് ഈ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു. ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മഞ്ഞള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ ആഗോളതലത്തില്‍ വളര്‍ന്നു -പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാം സമന്വയിപ്പിക്കപ്പെടുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് ആയുര്‍വേദം പ്രധാന പങ്ക് വഹിക്കുകയാണ്. അലോപ്പതി, ആയുര്‍വേദ സമ്പ്രദായങ്ങള്‍ കൈകോര്‍ത്ത് മുന്നോട്ടു പോകും. പുരാതന ഇന്ത്യയിലെ ശാസ്ത്രം 21-ാം നൂറ്റാണ്ടിലെ ശാസ്ത്രവുമായി സമന്വയിപ്പിക്കപ്പെടുന്നു -അദ്ദേഹം പറഞ്ഞു.
ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ.), ജയ്പൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ.) എന്നീ സ്ഥാപനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ ഏറ്റവും മികച്ച ആയുര്‍വേദ കേന്ദ്രങ്ങളുടെ ഭാഗമായതിനാല്‍ നിങ്ങളുടെ ഉത്തരവാദിത്തം വര്‍ധിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെ സിലബസാണ് ഉണ്ടാകേണ്ടതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.