ജോഷിമഠിൽ വീടുകളിലെ വിള്ളൽ; സ്ഥിതിഗതികൾ പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ജോഷിമഠിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനം നടത്തി വരികയാണെന്നും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീടുകളിൽ വിള്ളലും മണ്ണിടിച്ചലും ഉണ്ടായതിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയുടെ നേതൃത്വത്തിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. ജോഷിമഠ് ജില്ലാ ഭാരവാഹികളും ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.

സുരക്ഷ ഏർപ്പെടുത്തുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി ഉത്തരാഖണ്ഡ് സർക്കാർ 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജോഷിമഠിലെ 561 വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. ഇതുവരെ 66 കുടുംബങ്ങൾ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. അതേസമയം, വിള്ളലിനെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉത്തരാഖണ്ഡ് ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. രാത്രികാല അഭയാർഥി കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. തങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.

Tags:    
News Summary - PM Modi personally monitoring Joshimath situation: Uttarakhand CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.