ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. പൂജ ചടങ്ങുകൾക്ക് ശേഷം ലോക്സഭ ചേംബറിലെത്തിയതാണ് ചെങ്കോൽ സ്ഥാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്താണ് ചെങ്കോൽ സ്ഥാപിച്ചത്. പിന്നീട് പാർലമെന്റിൽ ഫലകം അനാച്ഛാദാനം ചെയ്യുകയും ചെയ്തിരുന്നു.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോൽ കൈമാറിയത്. വെള്ളിയിൽ തീർത്ത് സ്വർണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശിൽപവുമുള്ള ഈ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്നാണ് എത്തിച്ചത്.
അതേസമയം, പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ബഹിഷ്‍കരിക്കുകയാണ്. 21 പ്രതിപക്ഷ പാർട്ടികളാണ് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത്. ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ അവഗണിച്ച് മോദിമയമാക്കി രാജ്യത്തെ മാറ്റാൻ ശ്രമിക്കുന്നതാണ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തിയ അസാധാരണ പ്രതിഷേധമായി വളർന്നത്. പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് പ്രതിപക്ഷം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.