ന്യൂഡൽഹി: നാലുവർഷത്തിനിടെ എട്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ വികസനത്തിനും നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും എതിരാണെന്നും പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചുകൊണ്ട് മോദി പറഞ്ഞു. റിസർവ് ബാങ്കിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദി ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ മൂന്നു-നാലു വർഷം കൊണ്ട് ഏതാണ്ട് എട്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ തെറ്റായ വാർത്തകൾക്കിടയിൽ ഈ കണക്ക് കാണാതായിപ്പോയി. ഇങ്ങനെ കള്ളങ്ങൾ പടച്ചുവിടുന്ന വ്യക്തികൾ നിക്ഷേപത്തിനും അടിസ്ഥാന വികസനത്തിനും എതിരു നിൽക്കുന്നവരാണ്. നമ്മുടെ രാജ്യത്തെ ജനങ്ങൾ അവരുടെ നുണകളാണ് കാണുന്നത്. ദരിദ്രരെയും കർഷകരെയും സ്ത്രീകളെയും യുവാക്കളെയും പിന്തുണക്കാൻ എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണ്.-മോദി പറഞ്ഞു. മുംബൈയിൽ 29,400 കോടിയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മോദി.
അടൽ സേതു പാലത്തിൽ വിള്ളലുണ്ടായെന്ന കോൺഗ്രസ് ആരോപണങ്ങളെയും മോദി തള്ളി. മുംബൈയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. മുംബൈയിലെ തീരദേശ റോഡുകളുടെയും അടൽ സേതു പാലത്തിന്റെയും നിർമാണം പൂർത്തിയായി.അടൽ സേതുവിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണ് പ്രചരിക്കുന്നത്. പദ്ധതി നിർത്താനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ പദ്ധതിയുടെ ഗുണം എല്ലാവർക്കും ലഭിക്കും. -മോദി പറഞ്ഞു.
അടൽ സേതു വന്നതോടെ 25 ലക്ഷം ലിറ്റർ ഇന്ധനം ലാഭിക്കാൻ പറ്റി. ഇപ്പോൾ 20,000 വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മെട്രോവികസന പദ്ധതികൾ പെട്ടെന്നു തന്നെ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. മുംബൈ മെട്രോ ലൈനിന് എട്ടു കിലോമീറ്റർ നീളമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളത് 80 കിലോമീറ്ററാക്കി. 200 കിലോമീറ്ററായി വർധിപ്പിക്കാനുള്ള പണി പുരോഗമിക്കുകയാണ്. ഈ വികസന പദ്ധതികൾ മുംബൈക്ക് മാത്രമല്ല, അയൽ സംസ്ഥാനങ്ങൾക്കും സഹായകമാണ്. നിരവധി തൊഴിലവസരങ്ങളാണ് പദ്ധതി വഴി സൃഷ്ടിക്കാൻ സാധിക്കുന്നത്. മുംബൈയെ ലോകത്തിന്റെ ഫിൻടെക് തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.