ന്യൂഡൽഹി: കടുത്ത പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയിൽ വിപുലമായ തോതിൽ കോർപറേറ്റ് നിക്ഷേപം സമാഹരിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കാർഷിക മേഖലയിൽ ഇപ്പോൾ കോർപറേറ്റ് നിക്ഷേപം വളരെ കുറവാണ്. അത് പരിഹരിക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം. വിള സംഭരണം, ചരക്കു കടത്ത്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് മോദി പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെട്ട നിതി ആയോഗ് മാർഗനിർദേശക സമിതി യോഗത്തിലാണ് പ്രധാനമന്ത്രി ഇൗ നിർദേശം മുന്നോട്ടുവെച്ചത്. കാർഷിക വിളകൾക്ക് ഉയർന്ന താങ്ങുവില നിശ്ചയിക്കുന്നതടക്കം മുഖ്യമന്ത്രിമാർ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് വ്യക്തമായ മറുപടി ഉണ്ടായില്ല. അതേസമയം, കൃഷിയും തൊഴിലുറപ്പു പദ്ധതിയും കൂട്ടിയിണക്കി കൊണ്ടുപോകുന്നതിനുള്ള നയപരമായ സമീപനം സംബന്ധിച്ച് ശിപാർശ നൽകാൻ മുഖ്യമന്ത്രിമാരുടെ പ്രത്യേക സമിതി രൂപവത്കരിച്ചു. കേന്ദ്ര സർക്കാറിെൻറ നയസമീപനങ്ങളോടുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പ്രതിഷേധ വേദി കൂടിയായി യോഗം മാറി. കാർഷിക മേഖലാ പ്രതിസന്ധി, സംസ്ഥാനങ്ങളോടുള്ള വിവേചനം, ജി.എസ്.ടി ഭാരം, 15ാം ധനകമീഷൻ പ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിമാർ അതൃപ്തി അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പുറമെ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായക്, ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തില്ല. 31ൽ 23 മുഖ്യമന്ത്രിമാരാണ് യോഗത്തിന് എത്തിയത്.സാമ്പത്തിക വളർച്ച ഇരട്ട അക്കത്തിലെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു. 15ാം ധനകമീഷന് പുതിയ ആശയങ്ങൾ മുഖ്യമന്ത്രിമാർ നൽകണം. ടീം ഇന്ത്യയായി കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവർത്തിക്കണം. പുതിയ ഇന്ത്യ-2022 എന്ന വികസന രേഖ യോഗത്തിൽ വെക്കാനായില്ല. കൂടുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയശേഷം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.