ശ്രീനഗർ: 2016 ൽ നിയന്ത്രണരേഖ കടന്ന് സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകൾ ഇന്ത്യൻ സൈന്യത്തിന്റെ ദൃഢനിശ്ചയത്തെയും കഴിവുകളെയും സൂചിപ്പിക്കുന്നുവെന്നും സർജിക്കൽ സ്‌ട്രൈക്ക് നടത്തി അവസാനത്തെ സൈനികൻ സുരക്ഷിതനായി തിരിച്ചെത്തുന്നതുവരെ താൻ ഓപ്പറേഷൻ നിരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ മോദി ജമ്മു, നൗഷേര, രജൗറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിലെ ഉറി സെക്ടറിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി 2016 സെപ്റ്റംബർ 29ന് നിയന്ത്രണരേഖയ്ക്ക് കുറുകെ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഇതാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2016 ൽ പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദ ആക്രമണത്തിൽ നൗഷേര സെക്ടറിൽ ആർമി ബ്രിഗേഡ് നടത്തിയ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സർജിക്കൽ സ്ട്രൈക്കിനു ശേഷവും രാജ്യത്ത് തീവ്രവാദം പടർത്താനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവക്ക് മതിയായ മറുപടി നൽകാൻ കഴിഞ്ഞെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സൈനിക ശേഷി മാറിവരുന്ന യുദ്ധങ്ങളുടെ സ്വഭാവത്തിനനുസരിച്ചും മാറ്റങ്ങൾക്കനുസരിച്ചും മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സൈനികർക്കൊപ്പം സംസാരിച്ച പ്രധാനമന്ത്രി മധുരം പങ്കിട്ടാണ് ദീപാവലി ആഘോഷിച്ചത്. ഇത് രണ്ടാം തവണയാണ് മോദി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിനുമുൻപ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി നൗഷേര സെക്ടർ പ്രധാനമന്ത്രി സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം.നരവനെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.