ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്‍റീനിൽ കഴിയുന്ന കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോവിഡിൽനിന്ന് കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു' -മോദി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സോണിയ ഐസൊലേഷനിൽ കഴിയുകയാണ്. സോണിയക്ക് നേരിയ പനിയും മറ്റു കോവിഡ് ലക്ഷണങ്ങളും ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മോദി സർക്കാർ ഗാന്ധി കുടുംബത്തിനു നേരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നതിനിടെയാണ് സോണിയക്ക് മോദി ആശംസ നേരുന്നത്.
നാഷനൽ ഹെറാൾഡ് കേസിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിൽ സോണിയക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചിരുന്നു. ജൂൺ എട്ടിന് ഹാജരാവാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന് ഒന്നും മറക്കാനില്ലെന്നും ഇതൊരു രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, നിയമ പോരാട്ടമാണെന്നുമാണ് കോൺഗ്രസ് പറയുന്നത്. കള്ളപ്പണ ഇടപാട് നടന്നതിനോ, പണം കൈമാറിയതിനോ യാതൊരു തെളിവുമില്ലെന്ന് കോൺഗ്രസ് എം.പിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.