ന്യൂഡൽഹി: ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഹാലോവീൻ പരിപാടിയിൽ തിക്കിലും തിരക്കിലുംപെട്ട് 150ലേറെ പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന് എഴുതിയ കത്തിലാണ് അദ്ദേഹം അനുശോചനമറിയിച്ചത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അനുശോചനമറിയിച്ചു. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു' -എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.
സോളിലെ ഇറ്റാവോൺ മേഖലയിലുണ്ടായ അപകടത്തിൽ 153 പേർ കൊല്ലപ്പെടുകയും 133 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹാലോവീൻ ആഘോഷങ്ങൾക്കായി 1,00,000 ആളുകളാണ് ഇറ്റാവോണിൽ ഒത്തുകൂടിയത്. ആഘോഷസ്ഥലത്തേക്ക് സെലബ്രിറ്റി എത്തിയെന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം ഒന്നാകെ ഇളകിമറിഞ്ഞു. തിരക്ക് വർധിച്ചതോടെ ആളുകൾ പിറകിൽനിന്ന് തള്ളാൻ തുടങ്ങി. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
മരിച്ചവരിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 26 വിദേശ പൗരന്മാർ ഉൾപ്പെടുന്നുവെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.